ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി അർധനഗ്ന വീഡിയോ ചിത്രീകരിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
ഹൊസങ്കടി കടമ്പാർ സ്വദേശി ആരിഷിനെയാണ് (40) മഞ്ചേശ്വരം പോലീസ് പിടികൂടിയത്.
കഴിഞ്ഞ 14-ന് ഉച്ചയോടെയാണ് സംഭവം നടന്നത്. യുവാവും സുഹൃത്തും താമസിച്ചിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം, ഇവരെ ഭീഷണിപ്പെടുത്തി ഒരുമിച്ചിരുത്തി വീഡിയോയും ഫോട്ടോയും പകർത്തുകയായിരുന്നു. രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം, യുവാവിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും മൊബൈല്‍ ഫോണും കവർന്ന ശേഷമാണ് ഇവർ കടന്നുകളഞ്ഞത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി മംഗളൂരുവില്‍ നിന്നാണ് ഒന്നാം പ്രതിയായ ആരിഷ് പിടിയിലായത്.