'ശാസ്ത്രത്തെയും മനുഷ്യസ്‌നേഹത്തെയും ഒരേ നൂലിൽ കോർത്തിണക്കി, പച്ചപ്പിന്റെ കാവലാൾ മടങ്ങി'; അനുസ്മരിച്ച് സുരേഷ് ഗോപി

കൊച്ചി: അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ഒരു തലമുറയെ പഠിപ്പിച്ചയാളാണ് ഗാഡ്ഗിൽ എന്നും മടങ്ങിയത് പച്ചപ്പിന്റെ കാവലാളാണെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു.


'കേരളത്തിന്റെ മണ്ണും മരവും മനുഷ്യനും ഒരുപോലെ സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിച്ച ആ പോരാളി, തന്റെ കർമ്മപഥം പൂർത്തിയാക്കി നിത്യതയിലേക്ക് മടങ്ങിയിരിക്കുന്നു.ശാസ്ത്രത്തെയും മനുഷ്യസ്‌നേഹത്തെയും ഒരേ നൂലിൽ കോർത്തിണക്കിയ ആ വലിയ മനുഷ്യന്റെ വിയോഗം ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.ആ ധന്യസ്മരണയ്ക്ക് മുന്നിൽ പ്രണാമം'- സുരേഷ് ഗോപിയുടെ കുറിച്ചു.


ബുധനാഴ്ച രാത്രി പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഗാഡ്ഗിലിന്റെ അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വൈകുണ്ഡ് ശ്മശാനത്തിൽ. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്നപേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മശ്രീ, പത്മഭൂഷൺ എന്നിവ നൽകി ആദരിച്ചിരുന്നു.

Previous Post Next Post