റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് 500 ശതമാനം തീരുവ ചുമത്താൻ അമേരിക്ക; ഇന്ത്യയ്ക്കും ഭീഷണി

വാഷിങ്ടൺ: റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്ക് മേൽ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ നീക്കവുമായി അമേരിക്ക. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട്, റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ കഴിയുന്ന റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് യുഎസ് സെനറ്റർ ലിൻഡ്‌സേ ഗ്രഹാം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഈ ബില്ലിലൂടെ ശിക്ഷിക്കാൻ ട്രംപിന് കഴിയുമെന്നും ഗ്രഹാം കൂട്ടിച്ചേർത്തു.


അടുത്ത ആഴ്ച തന്നെ ഇതുസംബന്ധിച്ച തീരുമാനം നടപ്പിലായേക്കും. ബിൽ വഴി റഷ്യൻ എണ്ണ വാങ്ങുന്ന, ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ പിന്തിരിപ്പിക്കാനാകുമെന്നാണ് ഡോണൾഡ് ട്രംപ്  ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. റഷ്യൻ എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങൾ, പുടിന്റെ യുക്രൈൻ യുദ്ധത്തിന് ഇന്ധനം നൽകുകയാണ് ചെയ്യുന്നത്. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ യുക്രൈൻ- റഷ്യ യുദ്ധം അവസാനിക്കുമെന്നും യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സേ ഗ്രഹാം പറഞ്ഞു.


റഷ്യൻ യുറേനിയം വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്ന നിയമനിർമ്മാണവും ട്രംപ് പാസ്സാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ആദ്യം തന്നെ ഇത് വോട്ടിനിടാൻ കഴിയുമെന്നും ലിൻഡ്‌സേ ഗ്രഹാം കൂട്ടിച്ചേർത്തു. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്ക മുന്നോട്ടു പോകുകയാണ്. അതിന്റെ ഭാഗമായി കൂടെയാണ് റഷ്യൻ സാമ്പത്തികമേഖലയെ തളർത്താനുള്ള ഉപരോധം കൊണ്ടുവരാനും നീക്കം നടത്തുന്നത്. അടുത്തിടെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Previous Post Next Post