'ഒരു ഭയവുമില്ല, എന്തു നഷ്ടം വന്നാലും വര്‍ഗീയത പറയുന്നതിനെ ഇനിയും എതിര്‍ക്കും'

കൊച്ചി: കൊച്ചി: വർഗീയത ആരും പറഞ്ഞാലും ഇനിയും എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വ്യക്തിപരമായ ലാഭനഷ്ടം നോക്കിയിട്ടുള്ള നിലപാട് അല്ല ഇത്. വ്യക്തിപരമായി നഷ്ടം വന്നാലും തന്റെ നിലപാടിൽ വെള്ളം ചേർക്കില്ല. ഈ വൃത്തികേട് കണ്ടില്ല കേട്ടില്ല എന്നു നടിക്കണോ?. ജി സുകുമാരൻ നായരെയോ വെള്ളാപ്പള്ളി നടേശനെപ്പറ്റിയോ മോശമായി ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും വിഡി സതീശൻ കൊച്ചിയിൽ വ്യക്തമാക്കി. തന്നെ താരതമ്യം ചെയ്ത് കോൺഗ്രസിലെ മറ്റു നേതാക്കന്മാരെ പുകഴ്ത്തിപ്പറഞ്ഞാൽ സന്തോഷമേയുള്ളൂ. അവരൊക്കെ തന്റെ നേതാക്കന്മാരാണ്. വർഗീയമായ നിലപാട് ഒരു കാലത്തും താൻ എടുത്തിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.


വർഗീയത ആളിക്കത്തിക്കാൻ ഒരു തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവരുടെ ഇടയിലേക്ക് തീപ്പന്തം എറിഞ്ഞു കൊടുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. പിണറായി വിജയനും വിഡി സതീശനുമൊക്കെ കുറേ നാൾ കഴിയുമ്പോൾ രാഷ്ട്രീയത്തിൽ ഇല്ലാതാകും. കുറേ കഴിയുമ്പോൾ ഓർമ മാത്രമാകും. പക്ഷെ അപ്പോഴും കേരളം ഉണ്ടാകും. ആ കേരളത്തിന്റെ അടിത്തറയ്ക്ക് തീകൊളുത്തുന്ന പരിപാടിയാണ് ഇപ്പോൾ ചെയ്യുന്നത്. വരും തലമുറയോടുള്ള ക്രൂരതയാണ് ഈ കാണിക്കുന്നത്. അത്തരമൊരു വർഗീയത കേരളത്തെ എങ്ങോട്ടു കൊണ്ടുപോകും?. വരാനിരിക്കുന്ന തലമുറയോട് ഇതുപോലുള്ള കടുത്ത അനീതി ചെയ്യരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. വിഡി സതീശൻ പറഞ്ഞു.


നമ്മളെയെല്ലാം വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഉത്തരവാദപ്പെട്ട ആളുകളിൽ നിന്നും ഉണ്ടാകുന്നത്. എന്താണ് ഇവരും സംഘപരിവാറും തമ്മിലുള്ള വ്യത്യാസം. ഇങ്ങനെ തുടർന്നാൽ കേരളം എവിടെയെത്തിച്ചേരുമെന്ന് ചിന്തിക്കണം. വർഗീയതക്കെതിരായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഏത് ആക്രമണങ്ങളേയും, ഏതു കുന്തമുനകളേയും നേരിടാൻ തയ്യാറാണ്. വർഗീയതയുമായി ഏറ്റുമുട്ടി തോറ്റു നിലത്തു വീണാൽ അത് വീരോചിതമായ ചരമമായിരിക്കും. അതിൽ ഒരു ഭയവുമില്ല. താൻ പറയുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ്. കോൺഗ്രസുകാരനായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്. കോൺഗ്രസിന്റെ ആശയങ്ങളാണ് പങ്കുവെക്കുന്നത്.


കേരളത്തെ തകർക്കാനും ഭിന്നിപ്പിക്കാനും ആരു വന്നാലും അതിനെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും. വർഗീയതക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്നും വിഡി സതീശൻ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തും വെള്ളാപ്പള്ളി നടേശന്റെ കണിച്ചു കുളങ്ങരയിലെ വസതിയിലും പോയിട്ടുണ്ട്. മുഴുവൻ സമുദായ നേതാക്കളെയും മുമ്പും ഇപ്പോഴും കാണാറുണ്ട്. അവരുമായി ചർച്ച ചെയ്യേണ്ടേ. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ അഭ്യർത്ഥിച്ചതുപ്രകാരം പെരുന്നയിൽ പോയി എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടിട്ടുണ്ട്. അതിലെന്താണ് കുഴപ്പമെന്നും വിഡി സതീശൻ ചോദിച്ചു. വോട്ടെന്നു പറഞ്ഞാൽ ജനങ്ങൾ നൽകുന്നതല്ലേ?. അല്ലാതെ അവരുടെ ആരുടേയും കയ്യിലിരിക്കുന്നതല്ലല്ലോ. രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും എല്ലാ ജനങ്ങളോടും വോട്ട് അഭ്യർത്ഥിക്കുകയല്ലേ ചെയ്യുന്നതെന്ന് വിഡി സതീശൻ ചോദിച്ചു.


മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയെയും വിഡി സതീശൻ വിമർശിച്ചു. ആപൽക്കരവും അപകടകരവുമായ വർഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനയാണ് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ചെയ്തിരിക്കുന്നത്. എന്താണ് ഇതിന്റെ ഉദ്ദേശം. ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭം ഉണ്ടാക്കുകയെന്ന സംഘപരിവാറിന്റെ അതേ വഴിയിലൂടെ സിപിഎം യാത്ര ചെയ്യുകയാണ്. അതിന് മുഖ്യമന്ത്രി കുടപിടിച്ചുകൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്റെയും മുൻമന്ത്രി എ കെ ബാലന്റെയും പ്രസ്താവന. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്.


ജയിച്ചു വരുന്ന ആളുകളുടെ മതം നോക്കാനാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തിൽ മന്ത്രിസഭയിലെ ഒരംഗം ഇതുപോലെ ഒരു പ്രസ്താവന നടത്തിയിട്ടില്ല. എത്ര ക്രൂരമായ പ്രസ്താവനയാണത്. ഇത് കേരളത്തെ അപകടകരമായ നിലയിലേക്ക് എത്തിക്കും. നമ്മുടെ സംസ്ഥാനം ഉണ്ടാക്കിയ മൂല്യങ്ങൾ മുഴുവൻ കുഴിച്ചുമൂടപ്പെടുമെന്ന് വിഡി സതീശൻ വ്യക്തമാക്കി. പിണറായി വിജയൻ ഹിറാ സെന്ററിൽ ജമാ അത്തെ ഇസ്ലാമി അമീറുമായി സംസാരിക്കുന്ന ചിത്രം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വേളയിൽ താൻ കാണിച്ചിരുന്നു. പിറ്റേദിവസം ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് പിണറായി സറണ്ടർ ചെയ്യുകയും ചെയ്തിരുന്നു.

Previous Post Next Post