ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ നിർണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. വിഎസ്എസ് സിയിൽ നടത്തിയ വിദഗ്ധ പരിശോധനയുടെ റിപ്പോർട്ടാണ് മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. ദ്വാരപാലകശിൽപം, കട്ടിളപ്പാളി തുടങ്ങി 15 സാംപിളുകളുടെ പരിശോധനാ ഫലമാണ് കോടതിക്ക് കൈമാറിയിക്കുന്നത്.


കൊല്ലം വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ശബരിമലയിലെ പഴയ പാളികൾ കവർച്ച ചെയ്യപ്പെട്ടോ, പുതിയ പാളികളിലാണോ സ്വർണം പൂശിയത് എന്നതടക്കം റിപ്പോർട്ടിൽ വ്യക്തമാകും. പഴയ ചെമ്പുപാളികൾ തന്നെയാണോ ശബരിമലയിൽ ഇപ്പോഴുമുള്ളത്, ആ പാളികളിൽ തന്നെയാണോ സ്വർണം പൂശൽ അടക്കമുള്ള പ്രവൃത്തികൾ നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും റിപ്പോർട്ടിലൂടെ വെളിച്ചത്തുവരും.


ശബരിമലയിലെ സ്വർണപാളികളുടെ കാലപ്പഴക്കം അടക്കം നിർണയിക്കാനാണ് വിഎസ് എസ് സിയിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പുതുതായി സ്വർണം പൂശിയതെന്ന് പറയപ്പെടുന്നവയും, ഇതുവരെ കൊണ്ടുപോകാത്ത പാളികളിൽ നിന്നും താരതമ്യം ചെയ്യുന്നതിനായി സാംപിളുകൾ എടുത്തിരുന്നു. കൂടാതെ സ്വർണത്തിന്റെ കാലപ്പഴക്കവും ഗുണമേന്മയും നിർണയിക്കാനും വിഎസ് എസ് സിയോട് നിർദേശിച്ചിരുന്നു.


അതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡും കുരുക്കിലായി. തന്ത്രിക്ക്‌ വാജിവാഹനം നൽകിയത് ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചാണെന്ന് വ്യക്തമായി. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല. പുതിയത് സ്ഥാപിക്കുമ്പോൾ പഴയ വസ്തുക്കൾ പൊതു സ്വത്തായി സംരക്ഷിക്കണമെന്നാണ് 2012ലെ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകുന്നത്.


പൂജയുടെ ഭാ​ഗമായി ഏതെങ്കിലും സാധനങ്ങൾ മാറ്റേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ദേവസ്വത്തിൻ്റെ സ്വത്ത് തന്നെയാണെന്നും അത് ആർക്കും കൊണ്ടുപോവാൻ അവകാശമില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇതിൻ്റെ സർക്കുലർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ദേവസ്വം ഓഫീസുകളിലേക്കും നൽകിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം പ്രയാർ ​ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ബോർഡ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും.


അതിനിടെ, സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഎം പ്രതിനിധിയുമായ എൻ വിജയകുമാറിനെ വിജിലൻസ് കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Previous Post Next Post