തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷൻ നിർമിക്കാനുള്ള നടപടികൾ ട്രാക്കിലേക്ക്. സ്റ്റേഷൻ നിർമാണത്തിനുള്ള കരാർ കരാർ ക്ഷണിച്ചു. 7.56 കോടി രൂപയാണ് അടങ്കൽ തുകയ്ക്കാണ് റെയിൽവേ ഗതിശക്തി വിഭാഗം കരാർ ക്ഷണിച്ചത്. ഫെബ്രുവരി 5 വരെയാണ് കരാറിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം.
സിയാലിന്റെ സോളാർ പാടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്താണ് റെയിൽവെ സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് ചേർന്ന് റെയിൽവെ ട്രാക്ക് കടന്നു പോകുന്ന ഏറ്റവും അടുത്ത പ്രദേശമാണിത്. കിഴക്കുവശത്ത് സ്റ്റേഷൻ മന്ദിരവും, ഇരു ഭാഗത്തും 600 മീറ്റർ നീളമുള്ള പ്ലാറ്റുഫോമുകളും ഫുട്ട്ഓവർ ബ്രിജും ലിഫ്റ്റും പാർക്കിങ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണു പദ്ധതി. 9 മാസമാണു നിർമാണ കാലാവധി. റെയിൽവെ ഭൂമിയും ആവശ്യത്തിനുള്ളതിനാൽ ഭൂമിയേറ്റടുക്കലും പ്രതിസന്ധിയാകില്ലെന്നതാണ് നെടുമ്പാശ്ശേരിയുടെ പ്രത്യേകത.
കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർക്ക് വലിയ സഹായമാകുന്നതായിരിക്കും റെയിൽവെ സ്റ്റേഷൻ. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് നൽകുന്ന നിലയിലാണ് സ്‌റ്റേഷൻ എന്നായിരുന്നു റെയിൽവെ അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് നേരത്തെ സ്ഥലം സന്ദർശിച്ചപ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇ അഹമ്മദ് കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടാണു പദ്ധതി വീണ്ടും അനുമതിക്കു സമർപ്പിച്ചത്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശത്തിന്റെ പരിശോധന ഒക്ടോബറിൽ നടക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ചാലക്കുടി എംപി ബെന്നി ബെഹന്നാന് നൽകിയ മറുപടിയിൽ റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
