കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയിൽ ക്യാപ്റ്റനായി താൻ ഉണ്ടാകുമെന്നും കെഎം മാണി കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷത്താണെങ്കിലും പല കാര്യങ്ങളിലും വേറിട്ട നിലപാടുകൾ സ്വീകരിച്ചു. ചിലകാര്യങ്ങളിൽ പ്രതിപക്ഷത്തെക്കാൾ എതിർപ്പുയർത്താൻ കേരളാ കോൺഗ്രസിന് കഴിഞ്ഞെന്നും ജോസ് കെ മാണി പറഞ്ഞു. വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടത് കേരളാ കോൺഗ്രസ് ആണെന്നും കർഷകർക്കായി പോരാട്ടം നയിച്ചെന്നും ജോസ് കെ മാണി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ ആവശ്യപ്പെടും. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിൽ കേരളാ കോൺഗ്രസിന് അനുവദിച്ച കുറ്റ്യാടി സീറ്റ് സിപിഎമ്മിന് നൽകുകയായിരുന്നു. ഇത്തവണ പരാമാവധി സീറ്റുകൾ ചോദിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരളാ കോൺഗ്രസിനെ യുഡിഎഫിൽ നിന്ന് ചവിട്ടി പുറത്താക്കിയതിന് ശേഷം തങ്ങളെ ചേർത്തുപിടിച്ചത് എൽഡിഎഫ് ആണെന്നും ജോസ് കെ മാണി പറഞ്ഞു. തങ്ങളെ ചേർത്തുപിടിച്ചത് പിണറായി വിജയൻ സഖാവ് ആണ്. തങ്ങളെ ചേർത്തുപിടിച്ചത് സിപിഎം ആണ്. ഓരോ അഞ്ച് വർഷവും കഴിയുമ്പോഴും മുന്നണി മാറുമോ?. കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ തന്നെ തുടരും. ഇത് തുറക്കാത്ത ഒരു അധ്യായമാണ്. കേരളാ കോൺഗ്രസുമായി ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും ജോസ് കെ മാണി പറഞ്ഞു.
