കൊച്ചി: ജഡ്ജി ഹണി എം വർഗീസ് പറഞ്ഞത് കളവും വാസ്തവ വിരുദ്ധവുമായ കാര്യമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും ആരോപിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. ഒന്നര വർഷക്കാലം താൻ വിചാരണ കോടതിയിൽ ഉണ്ടായിരുന്നുവെന്നും ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്ജി ഒരു വക്കീലിനെ കോടതി മുറിയിൽ അവരില്ലാത്ത സമയത്ത് പത്രക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തി കളവ് പറഞ്ഞതെന്നും ടി ബി മിനി പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് ടി ബി മിനി ഇക്കാര്യം വ്യക്തമാക്കിയത്. ജഡ്ജിയുടെ നടപടി കോടതിയുടെ മാന്യതക്ക് ചേർന്നതല്ലെന്നും ടി ബി മിനി പ്രതികരിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജി ഒരു വക്കീലിനെ കോടതി മുറിയിൽ അവരില്ലാത്ത സമയത്ത് പത്രക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തി കളവും വാസ്തവ വിരുദ്ധവുമായ കാര്യം പറഞ്ഞു അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ എന്നെ അപമാനിച്ച് സംഘടിതമായി എന്റെ പ്രൊഫഷനെയും എന്നെയും അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. കേസിലെ വിധി പറഞ്ഞ് 4 പ്രതികളെ വെറുതെ വിടുകയും 6 പേരെ ശിക്ഷിക്കുകയും ചെയ്ത ജസ്ജി ഹണി എം വർഗ്ഗീസ് കളവാണ് പറയുന്നത്. ഒന്നര വർഷക്കാലം ഞാൻ ട്രയൽ കോടതിയിൽ ഉണ്ടായ ഒരാളാണ്. ഈ കേസിൽ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. 2 പ്രോസിക്യൂട്ടർമാർ രാജിവച്ചു. ഒരാൾ ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഈ കോടതിയിൽ ഈ കേസ് നടത്തുന്നതിനായി പലരും തയ്യാറായില്ല. മെമ്മറി കാർഡ് ലീക്കായ കേസ് ഞാൻ ഹൈക്കോടതിയിൽ കേസ് നൽകി.
ഇതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മെമ്മറി കാർഡ് പരിശോധിക്കുവാൻ ഈ കോടതിയിൽ അപേക്ഷ വച്ചു എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല കൂടുതൽ അന്വേഷണത്തിന് അത് വലിയ തടസം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഫയൽ ചെയ്ത ആ ഹർജിയിൽ ഹാജരായ അഡ്വ. അജകുമാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയോഗിച്ചപ്പോൾ സജജയ് വക്കീൽ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലും ഹർജി നൽകി. പക്ഷെ അത് അനുവദിച്ചില്ല. പുതിയതായി വന്ന സ്‌പെഷൽ പ്രോസിക്യൂട്ടർക്കും ആ കോടതിയിൽ നല്ല അനുഭവമായിരുന്നില്ല. പൂർണ്ണമായി ഒരു സൈഡ് പിടിക്കുന്നു എന്ന് തോന്നുന്ന രീതിയായിരുന്നു കോടതിയിൽ.
പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നര വർഷത്തിൽ അസുഖമായിട്ടോ ജില്ലയിൽ പുറത്ത് വർക്ക് വന്നിട്ടോ ഞാൻ കോടതിയിൽ ചെന്നില്ല എന്നതൊഴിച്ചാൽ എല്ലാ ദിവസവും ഞാൻ ആ കോടതിയിൽ ഉണ്ടായിരുന്നു. എനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ല. അത് നിയമപരമായി വിക്ടിം ലോയറിന് ട്രയൽ കോടതിയിൽ അനുവാദമില്ല. 8-12-25 ന് കേസിൽ വിധി വന്നതു മുതൽ സംഘടിതമായി യൂടൂബ് ചാനലുകൾ അതിജീവിയെയും എന്നെയും ആക്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ഇന്നലെ 12- 1-25 ന് ഈ കേസിൽ ഉണ്ടായിരുന്നതും പലരും വാദികളുമായുള്ള കോടതി അലക്ഷ്യ കേസുകൾ വാദത്തിന് വച്ചിരുന്നു. ഷെർലി എന്ന ഒരു വാദിയുടെ കേസിൽ എനിക്ക് വക്കാലത്തുണ്ടായിരുന്നു. അതിജീവിതയല്ല ആ കേസിൽ വാദി. പത്രമാധ്യമങ്ങളും അതിജീവിതക്കു വേണ്ടി ഞാൻ ഹാജരായില്ല എന്നൊക്കെ പറയുന്നത് കേട്ടു. പ്രോസിക്യൂട്ടറുടെ ഹിയറിങ്ങിന് വച്ചിരുന്നതാണ്. എനിക്ക് ഹൈക്കോടതിയിൽ കേസുണ്ടായതിനാൽ എന്റെ ജൂനിയേഴ്‌സിനെ ഈ കേസ് പറയുവാൻ ഞാൻ ഏർപ്പാടാക്കി.
കേസ് വിളിച്ചപ്പോൾ ജൂനിയർ എഴുന്നേറ്റു നിന്നു കേസിൽ വാദം പറയുവാൻ തയാറായപ്പോഴാണ് അസാധാരണമായി ജഡ്ജി സീനിയറിനെ കുറിച്ച് ഈ കേസുമായി ബന്ധമില്ലാത്തതും തീർന്നു പോയതുമായ, നടിയെ ആക്രമിച്ച കേസിൽ ഞാൻ കോടതിയിൽ 10 ദിവസം പോലും വന്നിട്ടില്ല, വന്നാൽ ഉറങ്ങുകയായിരുന്നു എന്നും വാസ്തവ വിരുദ്ധമായി മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞത്. ജൂനിയേഴ്‌സ് കോടതിയിൽ നിന്നും വന്നപ്പോൾ കൃത്യമായി പറഞ്ഞു. മാധ്യമങ്ങൾ പലരും പലതും പറഞ്ഞു. അതിജീവിതക്കു വേണ്ടി ഹാജരായില്ല എന്ന് വരെ. പക്ഷെ ആ കേസ് അതിജീവിത ഫയൽ ചെയ്തതാണോ എന്ന് വെരിഫൈ ചെയ്യാതെയാണ് അവർ അത് പറഞ്ഞത്. മാത്രമല്ല വക്കീലിന്റെ സാന്നിധ്യം കോടതിയിൽ ഉണ്ടായിരുന്നു. അതിജീവിതയായ നടിയുടെ കേസിന്റെ ട്രയൽ കോടതിയിൽ ഒന്നര വർഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങൾ കേൾക്കുവാൻ 10 ദിവസത്തിൽ താഴെ മാത്രം കോടതിയിൽ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തിൽ എന്തിന് പറഞ്ഞു?
