ചരിത്രത്തിലാദ്യം; കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച



ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്.


ജനുവരി 28-ന് പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളന നടപടികൾ രംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സർവേ പാർലമെന്റിൽ സമർപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് ഒൻപത് മുതൽ ഏപ്രിൽ രണ്ട് വരെയും നടക്കും.


ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റാണിത്. ഇതോടെ തുടർച്ചയായി ഒമ്പത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ധനമന്ത്രി എന്ന റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കും. 2019-ലാണ് ഇന്ത്യയുടെ ആദ്യത്തെ പൂർണസമയ വനിതാ ധനമന്ത്രിയായി നിർമല സീതാരാമൻ നിയമിതയായത്.


മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി പത്ത് ബജറ്റുകളും മുൻ ധനമന്ത്രിമാരായ പി ചിദംബരം ഒമ്പത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും തുടർച്ചയായിട്ട് ആയിരുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച ശുഭസൂചനകൾക്കിടയിലാണ് 2026-ലെ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ യഥാർഥ ജിഡിപി 2025-26 സാമ്പത്തിക വർഷത്തിൽ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മുൻവർഷത്തെ 6.5 ശതമാനത്തേക്കാൾ ഉയർന്ന വളർച്ചാ നിരക്കാണിത്. ജനുവരി ഏഴിന് പുറത്തിറക്കിയ ഈ മുൻകൂർ കണക്കുകൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നത്. ഇതിനോടകംതന്നെ ബജറ്റ് തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.


ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാൽ വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.

Previous Post Next Post