ശബരിമലയിൽ ഭക്തജന പ്രവാഹം; മൂന്ന് ദിവസത്തിൽ സന്നിധാനത്തെത്തിയത് 217,288 അയ്യപ്പഭക്തർ

 

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ശേഷം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു. ഡിസംബർ 30ന് ക്ഷേത്രം നടതുറന്നതിന് ശേഷം ജനുവരി 1, വൈകുന്നേരം 6.50 വരെ 2,17,288 അയ്യപ്പ ഭക്തർ സന്നിധാനത്തെത്തി.


ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 4,401, പുൽമേട് വഴി 4,283 പേരുമാണ് സന്നിധാനത്ത് എത്തിയത്. ഡിസംബർ 31ന് 90,350 പേർ സന്നിധാനത്തെത്തി. വിർച്വൽ ക്യൂവിലൂടെ 26,870; സ്‌പോട്ട് ബുക്കിംഗ്: 7,318, പുൽമേട് വഴി 4,898. ഇന്ന് (ജനുവരി ഒന്ന് വൈകുന്നേരം 6.50 വരെ) 69,682 പേരും ശബരിമലയിൽ ദർശനം നടത്തി.


ശബരിമലയിൽ ശക്തമായ പരിശോധന നടപടികളുമായി എക്സൈസ് വകുപ്പ്


ഇത്തവണത്തെ തീർത്ഥാടനകാലത്ത് നട തുറന്നത് മുതൽ ശക്തമായ പരിശോധന നടപടികളുമായി എക്സൈസ് വകുപ്പും ശബരിമലയിൽ സജീവമാണ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി. ഇക്കാലയളവിൽ 239 ഹോട്ടലുകൾ/ വ്യാപാരസ്ഥാപനങ്ങൾ പരിശോധിക്കുകയും മറ്റ് വകുപ്പുകളുമായി ചേർന്ന് 19 സംയുക്ത പരിശോധനകളും നടത്തി. അനധികൃത പുകയില ഉപയോഗ/വില്പനയുമായി ബന്ധപെട്ട് 895 കേസുകളും രജിസ്റ്റർ ചെയ്തു; 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും പിടിച്ചു. 1,79,000 രൂപ പിഴയും ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പമ്പ എക്സൈസ് സി ഐ ശ്യാം കുമാർ അറിയിച്ചു.

Previous Post Next Post