ന്യൂഡൽഹി: വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിൻ ട്രാക്കിലേക്ക്. പശ്ചിമ ബംഗാളിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആദ്യം സർവീസ് നടത്തുക. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലേക്കാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. പുതിയ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.
ആധുനിക സൗകര്യങ്ങളോടെയാണ് 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലേറുന്നത്. സുഖപ്രദമായ സ്ലീപ്പർ ബെർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, ടോയ്ലറ്റുകൾ, തീപിടിത്തം തടയാനുള്ള സംവിധാനങ്ങൾ, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ, ഡിജിറ്റൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ആധുനിക സസ്പെൻഷൻ സംവിധാനങ്ങൾ എന്നിവയോടെയാണ് ട്രെയിൻ തയ്യാറാക്കിയിരിക്കുന്നത്.
1,000 കിലോമീറ്ററിൽ കൂടുതൽ വരുന്ന ദീർഘദൂര യാത്രകൾക്ക് ഉതകുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വേഗതയേറിയതും സുരക്ഷിതവും കൂടുതൽ സുഖകരവുമായ രാത്രി യാത്ര എന്നതാണ് ട്രെയിനിന്റെ ലക്ഷ്യം. ഗുവാഹത്തി-ഹൗറ റൂട്ടിലെ യാത്രയ്ക്ക് തേർഡ് എസി ടിക്കറ്റിന് ഏകദേശം 2300 രൂപയാണ് ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. സെക്കൻ എസി 3000, ഫസ്റ്റ് എസി 3600 എന്നിങ്ങനെയാകും നിരക്കുകൾ. ഇതേ റൂട്ടിലെ വിമാനയാത്രയ്ക്ക് പലപ്പോഴും ആറായിരം മുതൽ മുകളിലേക്കാണ് ടിക്കറ്റ് നിരക്ക്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ മികച്ച ഒപ്ഷൻ ആയിരിക്കുമെന്നും അശ്വനി വൈഷ്ണവ് ചൂണ്ടിക്കാട്ടുന്നു.
പുതിയ ട്രെയിനിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തീകരിച്ചിരുന്നു. രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ സഞ്ചരിച്ചിരുന്നു. പരീക്ഷണത്തിന്റെ വിഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മണിക്കൂറിൽ 180ൽ ഏറെ കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രെയിനിൽ ഗ്ലാസുകളിൽനിന്ന് വെള്ളം തുളുമ്പാതെയിരിക്കുന്നതാണ് വീഡിയോയിലുള്ളത്.
