തൃശൂർ: സംസ്ഥാന സ്‌കൂൾ ചരിത്രത്തിൽ പുതുചരിത്രമെഴുതി സിയ ഫാത്തിമ. വാസ്‌കുലൈറ്റിസെന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് കാസർകോട്ടെ വീട്ടിലിരുന്ന് ഓൺലൈനായി അറബിക് പോസ്റ്റർ നിർമണ മൽസരത്തിൽ പങ്കെടുത്ത സിയ എ ഗ്രേഡ് നേടി. ജില്ലാ കലോൽസവത്തിൽ നേരിട്ട് പങ്കെടുത്ത് വിജയിച്ച സിയയ്ക്ക് നാലാഴ്ച മുൻപാണ് രക്തക്കുഴലുകൾ ചുരുങ്ങുന്ന രോഗം സ്ഥിരീകരിച്ചത്. തൃശൂരിൽ എത്തി മൽസരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ സിയ തന്റെ അവസ്ഥ വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് കത്തെഴുതി. കത്ത് വായിച്ച മന്ത്രി സിയയ്ക്കായി പ്രത്യേക ഉത്തരവും ഇറക്കി. ഇതോടെയാണ് സിയക്ക് വിഡിയോ കോൺഫറൻസിങിലൂടെ മൽസരത്തിൽ പങ്കെടുക്കാനായത്.
പടന്നയിലെ വീട്ടിലിരുന്ന് സിയ ഫാത്തിമ തൃശ്ശൂരിലെ കലോത്സവ വേദിയിൽ നിറങ്ങൾ ചാലിച്ചപ്പോൾ, അത് വെറുമൊരു മത്സരമായിരുന്നില്ല; അതിജീവനത്തിന്റെ വിസ്മയമായിരുന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കാസർകോട് പടന്ന വികെപികെഎച്ച്എംഎം ആർവിഎച്ച്എസ്എസിലെ വിദ്യാർഥിനായാണ് സിയ ഫാത്തിമ.
'വാസ്‌കുലൈറ്റിസ്' എന്ന രോഗത്തിന്റെ വേദനകളെ പൊരുതിത്തോൽപ്പിക്കാൻ അവൾ കാണിച്ച ആത്മധൈര്യത്തിന് മുന്നിൽ ദൂരവും രോഗവും വഴിമാറിയെന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. നിശ്ചയിച്ച പ്രകാരം തന്നെ, വീഡിയോ കോൺഫറൻസിങിലൂടെ സിയ ഫാത്തിമ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുത്തു.യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം കലയോടുള്ള അവളുടെ അഭിനിവേശത്തിന് തടസ്സമാകാതിരിക്കാൻ, സർക്കാർ നൽകിയ പ്രത്യേക അനുമതിയിലൂടെ ആ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. ഓൺലൈനായി അധികൃതർ മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്തു'.
'ആ കുരുന്നിന്റെ മുഖത്തെ ചിരിയും സംതൃപ്തിയുമാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. കലയും മനുഷ്യത്വവും കൈകോർത്ത ഈ നിമിഷം കേരള സ്‌കൂൾ കലോത്സവ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും. സിയയ്ക്ക് അഭിനന്ദനങ്ങൾ... ഈ പോരാട്ടം തോൽക്കാൻ തയ്യാറല്ലാത്ത എല്ലാവർക്കും ഒരു പ്രചോദനമാണ്' ശിവൻകുട്ടി കുറിപ്പിൽ പറയുന്നു.
