കോഴിക്കോട്: കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എംഎ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കോൺഗ്രസ് സഹയാത്രികയായ ഷഹനാസ്. കഴിഞ്ഞ ദിവസം ഷഹനാസ് രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷഹനാസിനെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് ഇന്നലെയാണ് കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ് വെളിപ്പെടുത്തിയത് . രാഹുൽ തന്നോട് മോശമായി പെരുമാറിയ കാര്യം അന്നുതന്നെ ഷാഫിയെ അറിയിച്ചിരുന്നു.
കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. 'ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ' എന്നാണ് പറഞ്ഞത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താൻ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാൾക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാൾക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ഷഹനാസിന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നൽകിയിരുന്നതായും പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോൾ പുച്ഛമായിരുന്നു ഷാഫിയുടെ മറുപടിയെന്നും യൂത്ത് കോൺഗ്രസ് മുൻ നേതാവ് കൂടിയായ ഷഹനാസ് വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാട്്‌സ്ആപ്പ് ഗ്രൂപ്പിൽനിന്നാണ് തന്നെ പുറത്താക്കിയതെന്ന് ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നിർദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്നും സ്ത്രീകൾക്കുവേണ്ടി പ്രതികരിച്ചതിന്റെ പേരിൽ പദവികൾ നഷ്ടപ്പെടുകയാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂവെന്നും ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ഷഹനാസ് വ്യക്തമാക്കി.
