രാഷ്ട്രപതിയുടെ 'ഇന്ത്യ വൺ' വിമാനം പറത്തിയത് മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരൻ

 

തിരുവനന്തപുരം: നാവികസേനാ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ തിരുവനന്തപുരത്തെത്തിച്ചത് മലയാളി പൈലറ്റ്. വ്യോമസേനയിലെ വിങ് കമാൻഡറായ പത്തനംതിട്ട സ്വദേശി ക്രിസ്റ്റി ജോർജാണ് രാഷ്ട്രപതിയെ ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തിച്ചത്.


കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂർവവിദ്യാർഥിയായ ക്രിസ്റ്റി, കഴിഞ്ഞ എട്ടുവർഷമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനങ്ങളുടെ പൈലറ്റുമാരുൾപ്പെടുന്ന വിവിഐപി സ്‌ക്വാഡ്രണിലാണ് ജോലിചെയ്യുന്നത്. പല തവണ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും വിദേശ രാജ്യങ്ങളിലുൾപ്പെടെ ക്രിസ്റ്റി എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദർശന സമയത്തും വിമാനം പറത്തിയിട്ടുണ്ട്.


ബോയിങ് 737 ശ്രേണിയിൽപ്പെടുന്ന ഇന്ത്യ വൺ എന്ന വിമാനത്തിലാണ് രാഷ്ട്രപതി സഞ്ചരിക്കുന്നത്. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള എയർ ഹെഡ്ക്വാർട്ടേഴ്സ് കമ്യൂണിക്കേഷൻ സ്‌ക്വാഡ്രനാണ് ഈ വിമാനങ്ങളുടെ പൂർണനിയന്ത്രണം.


വ്യോമസേനയിൽ പൈലറ്റായി ജോലി തുടങ്ങിയ ക്രിസ്റ്റി ബംഗളൂരുവിലെ പരിശീലനകേന്ദ്രത്തിൽ ഇൻസ്ട്രക്ടറായും ജോലി നോക്കിയിട്ടുണ്ട്. പത്തനംതിട്ട സന്തോഷ് ജങ്ഷനിൽ കുവൈറ്റ് എയർവേയ്സ് മുൻ ഉദ്യോഗസ്ഥൻ ജോർജ് വർഗീസിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ റിട്ട. അധ്യാപിക ഡോ. വത്സമ്മ എം. സാമുവേലിന്റെയും മകനാണ്. ഭാര്യ നീതു ഐടി പ്രൊഫഷണലാണ്. എവിലിൻ, അമീലിയ എന്നിവരാണ് മക്കൾ.

Previous Post Next Post