പണം വാങ്ങി മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.

പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചാല്‍ നേതൃത്വത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ലാലി പറഞ്ഞു.

' മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിക്ക് വോട്ട് ചെയ്യും. ഇപ്പോഴും കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കുന്നയാളാണ്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇന്നലെ തേറമ്ബിലിനെ അറിയിച്ചിരുന്നു. അദ്ദേഹം മാറിനില്‍ക്കരുതെന്ന് അറിയിച്ചു. എന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് അദ്ദേഹം മാത്രമാണ്. പാര്‍ട്ടി നേതൃത്വത്തിനെതിരെ നേരത്തെ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചിലര്‍ പറയുന്നത് കേട്ടു. എനിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് വരികയാണെങ്കില്‍ അവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴികള്‍ എന്റെ കയ്യില്‍ ഉണ്ട്. സാമ്ബത്തിക വിഷയം ഉള്‍പ്പടെ തുറന്നുപറയേണ്ടിവരും. പത്തുവര്‍ഷം ഇവിടെ പ്രതിപക്ഷ നേതാവായിരുന്ന ഒരു മഹാന്‍ ഉണ്ടല്ലോ? രാജന്‍ പല്ലന്റെ പല കാര്യങ്ങളും പറയേണ്ടിവരും. എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കുകയാണെങ്കില്‍ അതില്‍ പ്രധാന പങ്ക് രാജന്‍ പല്ലന്റെതായിരിക്കും. എല്ലാം സമയമാകുമ്ബോള്‍ പുറത്തുപറയും. തൃശൂര്‍ മേയറെ തീരുമാനിക്കുന്നത് കെസി വേണുഗോപാലും ദീപാദാസ് മുന്‍ഷിയുമാണെങ്കില്‍ അത് താഴെത്തട്ടില്‍ പണിയെടുത്ത ആളുകളുടെ ചെവിട്ടത്ത് അടിക്കുന്നതിന് തുല്യമല്ലേ?'- ലാലി ജെയിംസ് പറഞ്ഞു.
Previous Post Next Post