സംഗീത സംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന അറിയിച്ചു.
ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി തന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണെന്നും സ്മൃതി പറഞ്ഞു. താനൊരു സ്വകാര്യ വ്യക്തിയാണെന്നും വിവാഹം വേണ്ടെന്നുവെക്കുകയാണെന്നും താരം വ്യക്തമാക്കി. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഈ സമയം ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്നും സ്മൃതി അഭ്യർത്ഥിച്ചു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണ് എപ്പോഴും മുൻഗണന നല്‍കുന്നതെന്നും ഇനിയും ഇന്ത്യക്കായി ട്രോഫികള്‍ നേടുകയാണ് ലക്ഷ്യമെന്നും സ്മൃതി കുറിച്ചു.
നവംബർ 23ന് സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഇതിനിടെ പലാഷിനെയും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വിവാഹ ചിത്രങ്ങള്‍ നീക്കം ചെയ്തതും വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് സ്മൃതി പിന്മാറിയതും നേരത്തെ തന്നെ ചർച്ചയായിരുന്നു.