ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ മരണ സംഖ്യ ഉയരുന്നു. വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ ക്ലബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തല്‍. മൂന്നോ നാലോ പേര്‍ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് വിവരം.
അതിനിടെ, ദുരന്തത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ ക്ലബ്ബിന്റെ മാനേജര്‍മാരെ ഉള്‍പ്പെടെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ക്ലബ്ബിന്റെ ഉടമകള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഗോവ മുഖ്യമന്ത്രി എഎന്‍ഐയോട് പറഞ്ഞു.
'ഇതൊരു നിര്‍ഭാഗ്യകരമായ ദിവസമാണ്. ഗോവയുടെ ടൂറിസം ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തീപിടിത്തം ഉണ്ടായത്. അരമണിക്കൂറിനുള്ളില്‍ തീ അണയ്ക്കാന്‍ സാധിച്ചു. പക്ഷേ ചിലര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പൊള്ളലേറ്റ് മരിച്ചവരേക്കാള്‍ പുകയില്‍ ശ്വാസം മുട്ടി മരിച്ചരുടെ എണ്ണമാണ് കൂടുതല്‍. 'പ്രാഥമിക വിവരമനുസരിച്ച്, മരിച്ചവരില്‍ നാല് പേര്‍ വിനോദസഞ്ചാരികളാണ്. ബാക്കിയുള്ളവര്‍ ക്ലബ്ബിലെ ജീവനക്കാരുമാണ്. അവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ആശുപത്രിയില്‍ കഴിയുന്ന 6 പേര്‍ക്ക് ഗോവ മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗോവ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പിഎംഎന്‍ആര്‍എഫ്) 50,000 രൂപ നല്‍കും.