കൊച്ചി: മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ ലൈംഗിക വൈകൃത നടപടികളല്ലേ അയാളിൽ നിന്ന് ഉണ്ടായത്. അത് ഒരു പൊതുപ്രവർത്തനകനും പൊതുസമൂഹത്തിനും ചേർന്നതാണോ?. അത്തരം ഒരു പൊതുപ്രവർത്തകനെ ആരോപണം വന്നപ്പോൾ തന്നെ മാറ്റി നിർത്തുകയല്ലേ വേണ്ടിയിരുന്നത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരം നേതൃത്വം അറിഞ്ഞിരുന്നു എന്നാണ് കാണുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്നുവിശേഷിപ്പിച്ചുകൊണ്ട് അവതരിപ്പിക്കയാണോ വേണ്ടിയിരുന്നത്. ഏതെങ്കിലും ഒരുപാർട്ടിക്ക് അങ്ങനെ ചെയ്യുമോ?. അകറ്റിനിർത്താൻ അല്ലേ ശ്രമിക്കേണ്ടത്. കോൺഗ്രസ് വലിയ പാരമ്പര്യമുള്ള പാർട്ടികളല്ലേ. ആ പാരമ്പര്യം തീർത്തും കളഞ്ഞുകുളിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാത്തത് ഒത്തുകളിയെന്നാണ് ചിലർ പറയുന്നത്. അതൊക്കെ നമ്മുടെ സമൂഹത്തിൽ എല്ലാവരും വിലയിരുത്തുന്ന കാര്യമാണ്. പൊലീസ് ഫലപ്രദമായി നടപടികളാണ് സ്വീകരിക്കുന്നത്. പക്ഷെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് സംരക്ഷണം ഒരുക്കുന്ന നടപടികളാണ് ചിലർ സ്വീകരിച്ചിട്ടുള്ളത്. പോയ സ്ഥലങ്ങളെ പറ്റി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അത് ബോധപൂർവം സംരക്ഷിക്കുന്ന ചില നടപടികൾ എടുത്തെന്നാണ് സംശയിക്കുന്നത്. ഇനിയെങ്കിലും അത്തരം നടപടികൾ എടുക്കാതിരിക്കുക. പൊലീസ് ഫലപ്രദമായി തന്നെ പ്രവർത്തിച്ച് ആളെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘‘ഇയാളെ തൊട്ട് ആരെങ്കിലും പറഞ്ഞാൽ അവർക്കു നേരെ അസഭ്യ വർഷമാണ്. ഇതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണോ. ഏതെങ്കിലും പാർട്ടിയിൽ സംഭവിക്കുമോ. കോൺഗ്രസ് നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ നേതാവ് സംസാരിക്കുമ്പോഴാണ് പിന്നിൽ നിന്ന് അണികൾ ബഹളം വയ്ക്കുന്നത്. ആരും ഇയാളെ തൊടാൻ പാടില്ലെന്നാണ് പറയുന്നത്. ഇത്തരമൊരു സംരക്ഷണവലയം എന്തിനാണ് ഒരുക്കാൻ തയാറായത്. നമുക്ക് ആ വിഷയം വിടാം. അത് തന്നെ ഇങ്ങനെ പറഞ്ഞുക്കൊണ്ട് ഇരിക്കേണ്ട’’ – മുഖ്യമന്ത്രി പറഞ്ഞു.
എംപി എന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് ജോൺ ബ്രിട്ടാസ് ഇടപെട്ടത്. എംപിമാർ കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ്. ആ പ്രവർത്തനം ഏറിയും കുറഞ്ഞും ഇപ്പോൾ എംപിമാർ നടത്താറുണ്ട്. ബ്രിട്ടാസിന്റെ ഇടപെടൽ ശേഷി നാട് അംഗീകരിക്കുന്നതാണ്. അല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള നടപടിയായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു. കേരളം കഴിഞ്ഞ മാസം നവംബർ ഒന്നിന് അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാൻ നമുക്ക് കഴിഞ്ഞു. അധികാരവികേന്ദ്രീകരണം നാടിന്റെ വളർച്ചയ്ക്ക് കാരണമായി. സംസ്ഥാനത്ത് നടപ്പാക്കുന്ന ബദൽ നയങ്ങൾ മതനിരപേക്ഷതയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് കൂടുതൽ കരുത്തുപകരുന്നവായാണ്. മതനിരപേക്ഷതയുടെതായ പ്രത്യേകത നമ്മുടെ നാടിനുണ്ട്. മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുന്നതുമാണ്. ഇതിനെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള സമീപനമായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ സ്വീകരിക്കണമെന്നതാണ് അഭ്യർഥന.
കൊച്ചി നഗരത്തിന് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് എല്ലാവർക്കും ബോധ്യമുളള കാര്യമാണ്. ആളുടെ കണ്ണിൻമുന്നിലുള്ള യാഥാർഥ്യം അത് സാക്ഷ്യപ്പെടുത്തുന്നതാണ്. സാധാരണവികസനം മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരത്തെയും നഗരത്തിന്റെയും വികസനമാണ് നമുക്ക് കാണാൻ കഴിഞ്ഞത്. കൊച്ചി മെട്രോ, വാട്ടർ മെട്രോ ഇവയെല്ലാം കേരളത്തിന് തന്നെ അഭിമാനമാണ്. സമൃദ്ധിയിലൂടെ വിശപ്പ് രഹിതനഗരമാകാനും കൊച്ചിക്ക് കഴിഞ്ഞു. വർഷങ്ങളായി കൊച്ചിയുടെ ശാപമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞു. മാലിന്യമല തന്നെയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അത് നീക്കം ചെയ്ത് ബ്രഹ്മപുരത്തെ പച്ചപ്പിലേക്ക് തിരികെ കൊണ്ടുവന്നതും എറണാകുളം മാർക്കറ്റിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്താനും കഴിഞ്ഞു. എംകെ അർജുനൻമാസ്റ്റർക്കും ജി ശങ്കരക്കുറിപ്പിനും സ്മാരകങ്ങൾ ഒരുക്കി സാംസ്‌കാരിക രംഗത്ത് മുന്നേറാനും കഴിഞ്ഞെന്നും പിണറായി പറഞ്ഞു.
