ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നിൽ ആര്?; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണം: ഹൈക്കോടതി

കൊച്ചി:  ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണമെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുപ്പക്കാരെ മുഴുവൻ കണ്ടെത്തണം. ശബരിമലയിലെ അമൂല്യമായ സ്വർണം വിഴുങ്ങാൻ  ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകൾ ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ നടക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ നാലും ആറും പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിർദേശം. ഇതോടെ പത്മകുമാറിനും അപ്പുറത്തേക്കുള്ള ഉന്നതരിലേക്ക് കൂടി എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുകയാണ്.

ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകണമെങ്കിൽ ദേവസ്വം ബോർഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ പ്രതികളായവർക്ക് മുകളിലുള്ള വൻതോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തിൽ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയത്. ഈ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു.


ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലെ ഒരു ക്ഷേത്രത്തിൽ നിന്ന് ഇത്രയും വലിയ സ്വർണക്കൊള്ള നടത്താൻ വലിയ വൻതോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗികമായ ഒരു സ്ഥാനവുമില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റി ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സുകളോടെ, ശബരിമലയിലെ കാര്യങ്ങളിൽ ഇടപെടുന്നത് തുടരുകയായിരുന്നു. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് ബദറുദ്ദീൻ പറഞ്ഞു.


2019ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വർണം വീണ്ടും പൂശുന്നതിനായി പാളികൾ എടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം എടുത്തപ്പോൾ അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ തീരുമാനിച്ചിരുന്നില്ല. എന്നാൽ, അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയപ്പോഴാണ് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ തീരുമാനമായത്. ഇത് ഉന്നതരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ള വലിയ സ്വാധീനം വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.


സ്വർണപ്പാളി സ്വർണം പൂശേണ്ട ആവശ്യമില്ല. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ഹർജിക്കാർ ദ്വാരപാലക ശിൽപ്പങ്ങൾ കൈമാറാൻ അനുമതി നൽകിയത്. ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ ചെമ്പു പൂശിയതെന്ന് ബോർഡ് തീരുമാന്തതിലും ബന്ധപ്പെട്ട മഹസ്സറിലും രേഖപ്പെടുത്തിയാൽ, സ്വർണം കവർച്ച ചെയ്യാമെന്നും വിറ്റു പണമുണ്ടാക്കാമെന്നും പ്രതികൾക്ക് വ്യക്തമായി അറിയാമായിരുന്നു. കുറ്റകൃത്യത്തിൽ പങ്കില്ലെങ്കിൽ ഇതു കൈമാറാൻ അനുവദിക്കുമായിരുന്നില്ല. പ്രഥമദൃഷ്ട്യാ പങ്കു വ്യക്തമായതിനാൽ ജയശ്രീയെയും ശ്രീകുമാറിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.


ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയാണ് ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ എസ്. ജയശ്രീ. ആറാം പ്രതിയാണ് മുൻ അഡ്മിനിനിസ്‌ട്രേറ്റീവ് ഓഫിസറായ എസ്. ശ്രീകുമാർ. ദേവസ്വം ബോർഡിന്റെ തീരുമാനം നടപ്പാക്കുക മാത്രമാണ് സെക്രട്ടറിയുടെ ചുമതലയെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ജയശ്രീ വാദിച്ചത്. എന്നാൽ ദ്വാരപാലക ശിൽപങ്ങളുടെ ചെമ്പുപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണമെന്ന തരത്തിൽ മിനിറ്റ്സിൽ ജയശ്രീ തിരുത്തൽ വരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മേലുദ്യോഗസ്ഥനായ എക്സിക്യുട്ടീവ് ഓഫിസറുടെ നിർദേശപ്രകാരമാണ് മഹസറിൽ ഒപ്പിട്ടതെന്നായിരുന്നു ശ്രീകുമാർ വാദിച്ചിരുന്നത്.

Previous Post Next Post