ഇന്ത്യ- റഷ്യ ഉച്ചകോടി ഇന്ന്; മോദി- പുടിൻ കൂടിക്കാഴ്ച, പ്രതിരോധ-വ്യാപാര കരാറുകളിൽ ഒപ്പുവെക്കും

ന്യൂഡൽഹി: 23- മത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസിൽ ഉച്ചയ്ക്ക് 12 നാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ചർച്ച നടക്കുക. ഉച്ചകോടിയിൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവുമുണ്ടാകും.


ഇന്നു രാവിലെ 11 മണിയോടെ പുടിൻ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടക്കും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം പുടിൻ ഉച്ചകോടിക്കായി ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടക്കുക. ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വർക്കിംഗ് ലഞ്ച് പുടിനായി ഒരുക്കും. അതിനുശേഷം, നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനും പുതിയ പങ്കാളിത്ത മേഖലകൾ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിനിധി ചർച്ചകൾ നടക്കും.


റഷ്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, കാർഷിക ഉൽപ്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ ഇന്ത്യൻ കയറ്റുമതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഷിപ്പിംഗ്, ആരോഗ്യ സംരക്ഷണം, വളങ്ങൾ, കണക്റ്റിവിറ്റി എന്നിവയിൽ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്. റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും.


ആൻഡ്രി ബെലോസോവ്, ആന്റൺ സിലുവാനോവ്, വ്‌ളാഡിമിർ കൊളോകോൾട്‌സോവ്, സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുള്ളിന എന്നിവരുൾപ്പെടെ ഒമ്പത് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടുന്ന ശക്തമായ ഒരു റഷ്യൻ പ്രതിനിധി സംഘം പുടിനൊപ്പമുണ്ട്. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന് പകരം ഡെപ്യൂട്ടി മന്ത്രി ആൻഡ്രി റുഡെൻകോയാണ് വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.35 നാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പുടിനെ സ്വീകരിച്ചു.


ഇരുവരും ഒരു കാറിലാണ് പുടിന്റെ താമസസ്ഥലത്തേക്കു പോയത്. തുടർന്ന് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റഷ്യൻ പ്രസിഡന്റിന് വിരുന്നൊരുക്കി. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജമേഖലയിലെ സഹകരണവും എണ്ണ വ്യാപാരവും പുറത്തുനിന്നുള്ള സമ്മർദത്തിന് അതീതമാണ് എന്നും വ്ലാദിമിർ പുടിൻ പറഞ്ഞു. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദർശനം കൂടിയാണിത്.

Previous Post Next Post