സ്വർണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ട്, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി; എതിർത്ത് സർക്കാർ

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന്, കേസിലെ എഫ്ഐആറും മൊഴി പകർപ്പും അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ഇഡി ചൂണ്ടിക്കാട്ടി. കൊല്ലം വിജിലൻസ് കോടതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ സമർപ്പിച്ചത്.


നേരത്തെ കേസിലെ എഫ്ഐആറും രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ട് ഇഡി റാന്നി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും, രേഖകൾ കൈമാറാനാകില്ലെന്നും വ്യക്തമാക്കി കോടതി ആവശ്യം തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കേസ് പരി​ഗണിക്കുന്ന കോടതിയെ സമീപിക്കാനായിരുന്നു നിർദേശം.


അതേസമയം, സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ കോടതിയിൽ എതിർത്തു. നിലവിൽ എസ്ഐടിയുടെ അന്വേഷണം പുരോ​ഗമിക്കുകയാണ്. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു. എതിർപ്പ് രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിച്ചു. ഹർജി ഈമാസം 10 ന് വീണ്ടും പരിഗണിക്കും.

Previous Post Next Post