'എല്ലാം അയ്യപ്പൻ നോക്കിക്കോളും', ദൈവതുല്യൻ വേട്ടനായ്ക്കൾ അല്ലെന്ന് പത്മകുമാർ

കൊല്ലം: 'എല്ലാം അയ്യപ്പൻ നോക്കിക്കോളു'മെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴാണ് മാധ്യമങ്ങളോട് പത്മകുമാറിന്റെ പ്രതികരണം. ദൈവതുല്യൻ ആരാണെന്ന ചോദ്യത്തിന് 'വേട്ടനായ്ക്കൾ അല്ലെ'ന്ന് പത്മകുമാർ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ ആണോ ദൈവതുല്യൻ എന്ന് മാധ്യമങ്ങൾ ആവർത്തിച്ചു ചോദിച്ചപ്പോൾ, 'ഏതായാലും ശവംതീനികൾ അല്ല' എന്നായിരുന്നു മറുപടി.


കേസിൽ പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഇതോടെ പത്മകുമാർ ജയിലിൽ തുടരും. എല്ലാം ചെയ്തിരുന്നത് പത്മകുമാറാണെന്ന് അറസ്റ്റിലായവർ മൊഴി നൽകിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്ന് പത്മകുമാർ പറഞ്ഞത്. ദൈവതുല്യരായി കണ്ട പലരും അങ്ങനെയല്ല പ്രവർത്തിച്ചതെന്ന് പത്മകുമാർ നേരത്തെ പറഞ്ഞിരുന്നു.


റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പത്മകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. അതിനിടെ, കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയിൽ അപേക്ഷ നൽകി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുകയാണ്.

Previous Post Next Post