വിഎസ്സും ശ്രീനിയും 2025നെ കണ്ണീരണിയിച്ചു; സ്വർണക്കൊള്ളയും തദ്ദേശതെരഞ്ഞെടുപ്പും കപ്പൽ അപകടങ്ങളും ആശാസമരവും ചൂടുപിടിപ്പിച്ച 2025 രാഷ്ട്രീയ കേരളം തിരിഞ്ഞുനോക്കുമ്പോൾ

സമരങ്ങളുടെ വിപ്ലവ സൂര്യൻ, പാവങ്ങളുടെ പടത്തലവൻ, ആബാലവൃദ്ധം ഒരേ മനസ്സോടെ നെഞ്ചേറ്റിയ ജനനായകൻ വി എസ് അച്യുതാനന്ദന്റെ മരണം 2025 നെ കണ്ണീരിൽ കുതിർത്തു. കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യങ്ങളിലൂടെ, വിമർശനങ്ങളിലൂടെ സാമൂഹ്യാവസ്ഥകളെ സിനിമകളിലൂടെ തുറന്നു കാണിച്ച ശ്രീനിവാസന്റെ മരണവും 2025 ലെ വേദനിപ്പിക്കുന്ന വിയോഗമാണ്.


കേരളത്തെ പിടിച്ചുലച്ച് ശബരിമല സ്വർണ്ണക്കൊള്ള

ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണ് 2025 ൽ കേരളത്തെ വലിയ തോതിൽ പിടിച്ചുലച്ച സംഭവം. സ്പോൺസറായി എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ വലിയ സ്വർണ്ണക്കവർച്ച നടന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കൊള്ള അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.


ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ അടക്കം യുബി ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ വിജയ് മല്യ സ്വർണം 1998 ൽ പൊതിഞ്ഞിരുന്നു. പിന്നീട് ശബരിമലയിൽ സ്പോൺസറായി കടന്നുകൂടിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള ഗൂഡസംഘം, സ്വർണം പൂശാനെന്ന വ്യാജേന ഇവ പുറത്തു കടത്തുകയും, സ്വർണം കവർച്ച ചെയ്തുവെന്നുമാണ് കേസ്. കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ പത്മകുമാർ, എൻ വാസു, ദേവസ്വം ബോർഡ് അം​ഗം എൻ വിജയകുമാർ എന്നിവരടക്കം അറസ്റ്റിലാകുകയും ചെയ്തു.


തദ്ദേശ തെരഞ്ഞെടുപ്പ് അഥവാ 'സെമിഫൈനൽ'

2026 ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ 'സെമിഫൈനൽ' എന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനും ഇടതുമുന്നണിയ്ക്കും കനത്ത തിരിച്ചടിയാണ് ഏറ്റത്. എൽഡിഎഫിന്റെ കൈവശമുണ്ടായിരുന്ന അഞ്ചു കോർപ്പറേഷനുകളിലെ ഭരണം നഷ്ടമായി. അധികാരം നിലനിർത്തിയ കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് ഏക ആശ്വാസം. ഇതുവരെ ചെങ്കോട്ടയായി നിലകൊണ്ട കൊല്ലം കോർപ്പറേഷൻ യുഡിഎഫ് ആദ്യമായി പിടിച്ചെടുത്തു.


കണ്ണൂരിൽ ഭരണം നിലനിർത്തിയ യുഡിഎഫ്, കൊല്ലം, കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ ഭരണം തിരിച്ചു പിടിച്ചു. മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ബഹുഭൂരിപക്ഷവും യുഡിഎഫിനെ തുണച്ചു. ഗ്രാമപഞ്ചായത്തുകളിലും ഗണ്യമായ മുൻതൂക്കമാണ് യുഡിഎഫ് സ്വന്തമാക്കിയത്. ജില്ലാ പഞ്ചായത്തുകൾ 7-7 എന്ന നിലയിൽ യുഡിഎഫുമായി തുല്യത പിടിക്കാനായതാണ് എൽഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിൽ ആശ്വസിക്കാവുന്ന നേട്ടം.


തീരത്തിനു ഭീഷണിയായി കപ്പൽ അപകടങ്ങൾ

വിഴിഞ്ഞം തുറമുഖത്തു നിന്ന് പുറപ്പെട്ട ചരക്കുകപ്പൽ മെയ് 24ന് കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെട്ടതാണ് 2025 ൽ കേരള തീരത്തെയാകെ ആശങ്കയിലാക്കി. കൊച്ചിയിലേക്കു വന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണു തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ (70.3 കിലോമീറ്റർ) തെക്കു പടിഞ്ഞാറായി മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും തീരസേനയും നാവികസേനയും ചേർന്നു രക്ഷപ്പെടുത്തി. കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ വീണു. സമുദ്രത്തിരകളിൽ പെട്ട കണ്ടെയ്നറുകൾ, കൊല്ലം, ആലപ്പുഴ, കോവളം തീരങ്ങളിൽ അടിഞ്ഞിരുന്നു.


കപ്പലിൽ നിന്നുള്ള ഇന്ധനച്ചോർച്ച അറബിക്കടലിൽ ഗണ്യമായ പരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയതായി കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജി (സിഎംഎൽആർഇ) വ്യക്തമാക്കിയിരുന്നു. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് 1,227.62 കോടി രൂപ കരുതൽ ധനമായി (സെക്യൂരിറ്റി ഡിപോസിറ്റ്) കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മാരക വിഷവസ്തുക്കളടങ്ങിയ കണ്ടെയ്റുകളുമായെത്തിയ സിംഗപ്പൂർ ചരക്കു കപ്പൽ ‘വാൻ ഹയി 503’ തീപിടിച്ച് കടലിൽ മുങ്ങിയതും 2025ലാണ്. ജൂൺ ഒൻപതിന് രാവിലെ 9.30ഓടെയാണ് അറബിക്കടലിൽ കണ്ണൂർ അഴീക്കൽ തുറമുഖത്തിന് 81.49 കിലോമീറ്റർ അകലെയായി കപ്പലിന് തീപിടിച്ചത്.


തീരാനഷ്ടം... ഈ 'സമര ചെങ്കനൽ'

2025 ന്റെ പ്രധാന നഷ്ടങ്ങളിലൊന്നാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റേത്. പോരാട്ടങ്ങളുടെ കനൽവഴി താണ്ടിയ സമരസൂര്യന്റെ വിയോഗം രാഷ്ട്രീയ കേരളത്തെ കണ്ണീരണിയിച്ചു. പരിസ്ഥിതിക്ക് വേണ്ടി, മണ്ണിനു വേണ്ടി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പതർച്ചകളേതുമില്ലാതെ നിലകൊണ്ട പോരാട്ടങ്ങളുടെ സൂര്യതേജസ്സ്. വി എസ് എന്ന ദ്വയാക്ഷരി കൊണ്ട് ജനകോടികൾ നെഞ്ചേറ്റിയ വിപ്ലവ നക്ഷത്രം. തല നരയ്ക്കാത്ത സമര യൗവനം ജൂലൈ മാസത്തിൽ 102-ാം വയസ്സിലാണ്, പോരാട്ടങ്ങൾ അവസാനിപ്പിച്ച് യാത്രയായത്. സമീപകാലത്തൊന്നും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിലാപയാത്രയോടെയാണ് വി എസ് എന്ന വിപ്ലവസൂര്യന് കേരളം വിട ചൊല്ലിയത്. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ പിറവി കൊണ്ട ആ സമരസൂര്യൻ ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ ദീപ്തനക്ഷത്രമായി.


സമര കേരളം- 2025


അന്തസ്സുള്ള ജീവിതത്തിന്, ന്യായമായ വേതനത്തിന്, ജീവന്, ഭൂമിക്ക്, തൊഴിലിന്... അവകാശങ്ങൾക്കായി മനുഷ്യർ തെരുവിലിറങ്ങിയ വർഷം. മെച്ചപ്പെട്ട വേതനത്തിനായി തെരുവിലിറങ്ങിയ ആശാ പ്രവർത്തകർ, ഭൂമിയുടെ അവകാശത്തിനായി പോരാടിയ മുനമ്പം നിവാസികൾ, റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ആശിച്ച ജോലി കിട്ടാത്തതിൽ പ്രതിഷേധവുമായി ശയനപ്രദക്ഷിണം നടത്തിയ വനിതാ റാങ്ക് ഹോൾഡർമാർ, വന്യജീവി ആക്രമണങ്ങൾക്കെതിരായ പ്രതിഷേധം തുടങ്ങിയവയെല്ലാം, സമരപോരാട്ടങ്ങളുടെ ചരിത്രഗാഥകൾ പറയുന്ന കേരളത്തിന് മുന്നിൽ 2025 ൽ തെളിഞ്ഞ നേർചിത്രങ്ങളാണ്.


ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10 മുതലാണ് ആശാ വർക്കർമാർ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കുമ്പോൾ 5 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ആശമാർ ഉന്നയിച്ചത്. രാപകൽ സമരം എന്ന നിലയിൽ തുടങ്ങിയെങ്കിലും, പിന്നീട് ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ അനിശ്ചിതകാല സമരമായി മാറി. ആശാവർക്കർമാരുടെ ഓണറേറിയം ആയിരം രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ നവംബർ ഒന്നിന് സമരം അവസാനിപ്പിച്ചു.


മുനമ്പം സമരം


സർക്കാരിനെ അടക്കം ആശയക്കുഴപ്പത്തിലാക്കിയ സമരമാണ് മുനമ്പത്തു നടന്നത്. വഖഫ് ബോർഡ് ഏറ്റെടുത്തതായി വ്യക്തമാക്കിയ ഭൂമിയിൽ താമസിക്കുന്നവർ, സ്വന്തം മണ്ണിന്റെ റവന്യൂ അവകാശത്തിനായി നടത്തിയ പോരാട്ടം. വർഷങ്ങളായി സുപ്രീം കോടതിയിൽ അടക്കം നിയമപോരാട്ടം തുടരുകയാണ്. മുനമ്പം വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചിരിക്കുകയാണ്. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളിയത് സർക്കാരിന് ആശ്വാസകരമാണ്.


വാർത്തകൾ.... വിവാദങ്ങൾ...

ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയാണ് 2025 ൽ ആദ്യം ശ്രദ്ധ നേടുന്ന പ്രധാന വാർത്തകളിലൊന്ന്. ഈ കേസിൽ ബോബി അറസ്റ്റിലാകുകയും ജയിലിലാകുകയും ചെയ്തു. ഒടുവിൽ ഹൈക്കോടതി കർശന ഉപാധികളോടെ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചു.


നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയാണ് 2025 തുടക്കത്തിൽ ചർച്ചയായ മറ്റൊരു വാർത്ത. വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെടുകയും, സമാധി തുറന്ന് ഗോപൻ സ്വാമിയുടെ ശരീരം പോസ്റ്റ് മോർട്ടം നടത്തുകയും ചെയ്തു. പിന്നീട് വീട്ടുകാരുടെ താൽപ്പര്യപ്രകാരം പ്രത്യേക കല്ലറ തയ്യാറാക്കി ഗോപൻ സ്വാമിയെ വീണ്ടും സമാധിയിരുത്തുകയും ചെയ്തു.


2025 തുടക്കം മുതലേ റാപ്പർ വേടനും വിവാദങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. കഞ്ചാവ് കേസ് മുതൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ വിവാദമായി. ഷൊർണൂർ സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതും, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കിണറിനുള്ളിൽ നിന്നും പിടികൂടിയതും ശ്രദ്ധേയ സംഭവമാണ്.


അതിദാരിദ്യ മുക്ത സംസ്ഥാനം

നവംബര്‍ 1 ന് കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. 2021ലാണ് സംസ്ഥാന സര്‍ക്കാര്‍ അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞം ആരംഭിച്ചത്. 64,006 കുടുംബങ്ങളെ കണ്ടെത്തി, സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.

Previous Post Next Post