തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ഓഫീസിലാണ് മണിയെ ചോദ്യം ചെയ്യുന്നത്. അഭിഭാഷകർക്കൊപ്പമാണ് മണി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. എസ്‌ഐടി തലവൻ എച്ച് വെങ്കിടേഷും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.
മണിയുടെ സുഹൃത്തും സഹായിയുമായ ബാലമുരുകനും ചോദ്യം ചെയ്യലിനായി എസ്‌ഐടിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. മണി ഉപയോഗിക്കുന്ന സിമ്മിന്റെ ഉടമയാണ് ബാലമുരുകൻ. ഭാര്യയും ബാലമുരുകനൊപ്പമുണ്ട്. കഴിഞ്ഞദിവസം മണിയുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും അടക്കം എസ്ഐടി പരിശോധന നടത്തിയിരുന്നു. കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ സുഹൃത്തായ വിദേശ വ്യവസായിയാണ് സ്വർണ്ണക്കൊള്ളയിൽ ഡി മണിയുടെ പങ്ക് വെളിപ്പെടുത്തിയത്.
ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികൾ വിറ്റുവെന്നും, ഡി മണിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായി സ്വർണ ഉരുപ്പടികളുടെ ഇടപാട് നടന്നുവെന്നുമാണ് വിദേശവ്യവസായി എസ്‌ഐടിക്ക് മൊഴി നൽകിയിട്ടുള്ളത്. ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മണിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് മൊഴി. സ്വർണ ഉരുപ്പടികൾ വിദേശത്തേക്ക് കടത്തിയെന്നുമാണ് മൊഴി. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും, സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്നുമായിരുന്നു മണി പറഞ്ഞത്.താൻ ഡി മണിയല്ല, എംഎസ് മണിയാണെന്നും ഇയാൾ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു.
എസ്ഐടിയിൽ രണ്ട് സിഐമാർ കൂടി
അതിനിടെ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. രണ്ട് സർക്കിൾ ഇൻസ്പെക്ടർമാരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തും. ഇതോടെ സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘത്തിന്റെ അംഗബലം 10 ആയി ഉയർന്നു. ഹൈക്കോടതിയുടെ ഇടക്കാല ബെഞ്ചാണ് അന്വേഷണ സംഘം വിപുലീകരിക്കാനുള്ള അപേക്ഷ അംഗീകരിച്ചത്. തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമെല്ലാം വ്യാപിച്ചതോടെ, അന്വേഷണത്തിന് ഉദ്യോഗസ്ഥരുടെ കുറവ് പ്രതിബന്ധമാകുന്നതായി എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. നേരത്തെ അന്വേഷണം മന്ദഗതിയിൽ ആയതിന് എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
