കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച മികച്ച നേട്ടത്തിന് പിന്നാലെ കൊച്ചി മേയർ സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഭിന്നത പരസ്യമാകുന്നു. പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വർഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലിയാണ് പൊട്ടിത്തെറി. വിഷയത്തിൽ കെപിസിസി നിർദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് ദീപ്തി നിലപാട് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് നയിക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിന് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം വിജയകമായി പൂർത്തിയാക്കാൻ സാധിച്ചെന്നാണ് കരുതുന്നത്. ജയിച്ചുവന്ന 46 കൗൺസിലർമാരോടൊപ്പമാണ് താൻ. ഇപ്പോൾ തീരുമാനിക്കപ്പെട്ട രണ്ട് മേയർമാരോടും ചേർന്ന് പ്രവർത്തിക്കും. കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തനം തുടരും. തെരഞ്ഞെടുപ്പിനെ നയിക്കണം എന്ന് നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചു. പിന്നീട് മാറ്റിയിട്ടുണ്ടെങ്കിൽ അത് വിശദീകരിക്കേണ്ടത് അത്തരം ഒരു തീരുമാനം എടുത്തവരാണ്. പ്രത്യേകിച്ച് ഒന്നും പറയാനില്ല. മികച്ച ഭരണം കാഴ്ച വയ്ക്കാൻ വേണ്ടി പ്രവർത്തിക്കും എന്നും ദീപ്തി പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പ് രീതിയിൽ അപാകത സംഭവിച്ചിട്ടുണ്ട്. അക്കാര്യം പാർട്ടി വേദിയിൽ അറിയിക്കും. പ്രതിഷേധങ്ങളില്ല. കെപിസിസി നൽകുന്ന സർക്കുലർ പ്രകാരം വേണം തീരുമാനങ്ങൾ എടുക്കേണ്ടത്. അത്തരം നടപടികളിൽ അപാകതകൾ ഉണ്ടായെന്ന് കരുതുന്നു. പ്രതിപക്ഷ നേതാവാണ് തന്നെ ഉത്തരവാദിത്തം ഏൽപ്പിച്ചത് പ്രതിപക്ഷ നേതാവാണ്. ഇപ്പോഴുണ്ടായ വിഷയത്തിൽ ഇനി മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പാർലമെന്ററി പാർട്ടിയിൽ തനിക്കായിരുന്നു ഭൂരിപക്ഷം. ഭൂരിപക്ഷം തനിക്കില്ലെന്ന് ചിലർ പറയുന്നതിനോട് യോജിക്കാനാവില്ല. കൗൺസിലർമാരുടെ അഭിപ്രായം തേടുന്നതിൽ വീഴ്ച സംഭവിച്ചു എന്നും ദീപ്തി മേരി വർഗീസ് അറിയിച്ചു.
