ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് തിരിച്ചടി. സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഉന്നാവോയിലെ സാഹചര്യം ഗുരുതരമാണ്. സെൻഗാറിനെ ജാമ്യത്തിൽ വിടരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സാധാരണയായി പ്രതികളുടെ ജാമ്യത്തിൽ സുപ്രീംകോടതി ഇടപെടാറില്ല. എന്നാൽ ഈ കേസിലെ സ്ഥിതി വ്യത്യസ്തമാണ്. മറ്റൊരു കേസിൽ കുൽദീപ് സെൻഗാർ ജയിലിലാണ്. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ട്. അതുവരെ ഇയാളെ ജയിൽ മോചിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.
കേസിൽ കക്ഷിചേരുന്നതിന് അതിജീവിതയ്ക്ക് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. നീതി ലഭിച്ചുവെന്ന് അതിജീവിതയ്ക്കു വേണ്ടി കോടതിയിൽ ഹാജരായിരുന്ന അഭിഭാഷക പ്രതികരിച്ചു. സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയായ പെൺകുട്ടിയും അമ്മയും ഡൽഹിയിൽ സമരം നടത്തിയിരുന്നു.
