'രാജിവയ്ക്കാൻ പത്തു ദിവസം, ഇല്ലെങ്കിൽ അയോഗ്യത; മറ്റത്തൂരിൽ കൂറുമാറിയവർക്ക് മുന്നറിയിപ്പുമായി ഡിസിസി

തൃശൂർ:  മറ്റത്തൂർ പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 10 ദിവസത്തിനുള്ളിൽ രാജിവെക്കണം. 10 ദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണ്. തെറ്റു തിരുത്തി പിന്മാറിയില്ലെങ്കിൽ, പാർട്ടി തീരുമാനത്തിന്റെ ഭാഗമായി അയോഗ്യത നടപടികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.


പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ച്, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം. അങ്ങനെ ചെയ്താൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ എടുത്ത നടപടി ഡിസിസി പുനഃപരിശോധിക്കും. ജനങ്ങൾ അർപ്പിച്ച വിശ്വാസം, മതേതര ജനാധിപത്യ സംവിധാനം നാട്ടിൽ പുലരണം എന്നാണ്. ഇവർ നിർത്തിയ സ്ഥാനാർത്ഥിക്ക് ബിജെപി വോട്ടു ചെയ്തു എന്നു മനസ്സിലായപ്പോൾ തന്നെ രാജിവെക്കണമായിരുന്നു.


അതാണ് പാർട്ടി അവരോട് ആവശ്യപ്പെട്ടത്. അങ്ങനെ രാജി വെക്കാതിരുന്നതു കൊണ്ടാണ് നടപടിയെടുത്തത്. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടിയുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് ഡിസിസിയിൽ നിന്നും വിപ്പ് ലഭിച്ചിട്ടില്ലെന്നും, കൂറുമാറിയിട്ടില്ലെന്നുമാണ് കോൺഗ്രസ് നടപടിയെടുത്തവർ പറയുന്നത്.


ഡിസിസി നേതൃത്വത്തിനെ പഴിച്ച് തടിയൂരാനാണ് കൂട്ടത്തോടെ മറുകണ്ടം ചാടിയ കോൺഗ്രസ് അംഗങ്ങളുടെ ശ്രമം. കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താൻ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് ഇവരുടെ വാദം. മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ എട്ടുപേരാണ് വിജയിച്ചത്. കോൺഗ്രസ് വിമതരായി മത്സരിച്ച രണ്ടുപേരും വിജയിച്ചു. എൽഡിഎഫിന് 10 സീറ്റും ബിജെപിക്ക് നാലു സീറ്റും ലഭിച്ചു. കോൺ​ഗ്രസ് വിമതനായ ഔസേഫിനെ സിപിഎം വലയിലാക്കിയതോടെയാണ് നാടകീയ നീക്കങ്ങളുണ്ടായത്.

Previous Post Next Post