ഇന്ത്യൻ പെൺപുലികളുടെ വർഷം; കോഹ്ലിയുടെയും ആർസിബിയുടെയും വർഷം; ദക്ഷിണാഫ്രിക്കയ്ക്ക് മറക്കാനാവാത്ത വർഷം; ക്രിക്കറ്റിലെ 2025ലേക്ക് ഒരു തിരിഞ്ഞുനോട്ടം

 

2025ലെ ലോക കായിക ഭൂപടത്തിൽ ശ്രദ്ധേയ കിരീട നേട്ടങ്ങളാണ് അടയാളപ്പെട്ടത്. ഫുട്‌ബോളിലും ക്രിക്കറ്റിലും എൻബിഎയിലും ഫോർമുല വണിലുമൊക്കെ കുറേ ടീമുകളുടെ കിരീട കാത്തിരിപ്പുകൾക്ക് വിരാമമിട്ട വർഷമാണ് കടന്നു പോകുന്നത്. ചരിത്രത്തിലാദ്യമായി കിരീടം നേടിയവരേയും ഇക്കൊല്ലം കണ്ടു.


ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് സ്വപ്‌നങ്ങൾ പൂത്തുലഞ്ഞ വർഷമാണിത്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഇതിഹാസം വിരാട് കോഹ്‌ലിയും ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയ വർഷം. വർണ വിവേചനങ്ങളുടെ നീണ്ട സമര പോരാട്ടങ്ങൾ താണ്ടിയ ദക്ഷിണാഫ്രിക്ക ഏറെ കാലത്തെ ഐസിസി കിരീടമെന്ന മോഹം സാർഥകമാക്കിയ 2025.


ഇന്ത്യൻ വനിതകളുടെ പോരാട്ട വീര്യം


രണ്ട് തവണ കൈവിട്ടു പോയ വനിതാ ഏകദിന വിശ്വ കിരീടമെന്ന ഇന്ത്യൻ ടീമിന്റെ കാത്തിരിപ്പിനു ഇത്തവണ വിരാമം സംഭവിച്ചു. ചരിത്രമെഴുതി ഹർമൻപ്രീത് കൗറും സംഘവും ലോകകപ്പുയർത്തി. 1983ലെ പുരുഷ ടീമിന്റെ വിശ്വ വിജയത്തോളമാണ് ഇന്ത്യ ഈ കിരീട നേട്ടം കൊണ്ടാടിയത്. ഫൈനലിൽ ഉരുക്കു കരുത്തിന്റെ പോർവീര്യവുമായി എത്തിയ ദക്ഷിണാഫ്രിക്കൻ പടയെ തൂക്കിയെറിഞ്ഞാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തോറ്റും ജയിച്ചും പോരാടിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയത്.


ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ വീഴ്ത്തിയ മൈറ്റി ഓസീസിനെ സെമിയിൽ കെട്ടുകെട്ടിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നിലവിലെ ചാംപ്യൻമാർ, ഏറ്റവും കൂടുതൽ കിരീടങ്ങൾ കൈവശമുള്ളവർ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള ഓസ്‌ട്രേലിയൻ വനിതാ കരുത്തിനെ ഇന്ത്യ രണ്ടാം തവണ മുഖാമുഖം എത്തിയപ്പോൾ അടിച്ചു പരത്തുന്ന കാഴ്ചയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ 338 റൺസ് എടുത്തപ്പോൾ ഇന്ത്യയുടെ ചെയ്‌സിങ് അതിഗംഭീരമായിരുന്നു. 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ 48.3 ഓവർ ബാറ്റ് ചെയ്ത് ഇന്ത്യ 341 റൺസ് അടിച്ചാണ് മൈറ്റി ഓസീസിനെ തകർത്തത്. ജെമിമ റോഡ്രിഗ്‌സിന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായൊരു സെഞ്ച്വറി പ്രകടനം കണ്ട പോരാട്ടം. ഒപ്പം ഹർമൻപ്രീത് കൗറിന്റെ വിലപ്പെട്ട 89 റൺസും. ജെമിമ 134 പന്തിൽ 14 ഫോറുകൾ സഹിതം 127 റൺസുമായി പുറത്താകാതെ നിന്നു. ഹർമനൻ 10 ഫോറും ഒരു സിക്‌സും പറത്തി.


ഫൈനലിൽ ഷെഫാലി വർമയായിരുന്നു താരം. പ്രതിക റാവലിനു പരിക്കേറ്റതിനാൽ മാത്രം വൈകി ടീമിലേക്കെത്തിയ ഷെഫാലി ഫൈനൽ എന്നേക്കും ഓർക്കാൻ പാകത്തിൽ നിർത്തിയാണ് ക്രീസ് വിട്ടത്. താരം 78 പന്തിൽ 7 ഫോറും 2 സിക്‌സും. സഹിതം 87 റൺസാണ് ഷെഫാലി കണ്ടെത്തിയത്. ഒപ്പം ബാറ്റും പന്തും കൊണ്ട് ഇന്ത്യൻ ടീമിന്റെ പോരിനു കൂടുതൽ ഇന്ധനം പകർന്ന് ദീപ്തി ശർമയും ഫൈനൽ അവിസ്മരണീയമാക്കി. താരം 58 റൺസെടുത്തു. ഇരുവരുടേയും മികവിൽ ഇന്ത്യ 298 റൺസാണ് ബോർഡിൽ ചേർത്തത്.


ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ലോറ വോൾവാർടിന്റെ സെഞ്ച്വറി കരുത്തിൽ പൊരുതിയെങ്കിലും ജയം കൈവിട്ടു. സൂപ്പർ ബാറ്റിങ് കഴിഞ്ഞ് ദീപ്തി ശർമ അടുത്ത വിസ്മയം പന്തിൽ തീർത്തു. 9.3 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി ദീപ്തി 5 വിക്കറ്റുകൾ ആ രാത്രിയിൽ വീഴ്ത്തി. ഇന്ത്യയ്ക്കും പ്രോട്ടീസ് വനിതകൾക്കും ഇടയിലെ പ്രധാന വ്യത്യാസം ദീപ്തി ശർമ മാത്രമായിരുന്നു. താരം നേടിയത് 58 റൺസ്. ദക്ഷിണാഫ്രിക്ക തോറ്റത് 52 റൺസിന്!


അങ്ങനെ ആർസിബി കപ്പുയർത്തി


നീണ്ട 18 വർഷത്തെ ഐപിഎൽ കിരീടത്തിനുള്ള കാത്തിരിപ്പിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും വിരാട് കോഹ്‌ലിയും അവസാനമിട്ടു. ആവേശ ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയാണ് ആർസിബി കപ്പുയർത്തിയത്. ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 184 വരെ എത്തി വീണു.


എന്നാൽ കിരീടം നേടിയ ശേഷം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വിജയാഘോഷം ദുരന്തമായത് ആർസിബിയ്ക്ക് ക്ഷീണമുണ്ടാക്കി. തിക്കിലും തിരക്കിലും നിരവധി മരണങ്ങളുണ്ടായത് നേട്ടത്തിലെ കറുത്ത അധ്യായമായി.


ദക്ഷിണാഫ്രിക്കയുടെ വർഷം, ബവുമയുടേയും


ലോക ക്രിക്കറ്റിലെ നിർഭാഗ്യവാൻമാരെന്ന പേരുള്ളവരാണ് പ്രോട്ടീസ്. 27 വർഷമായി അവർ ഒരു ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. 1998ൽ ഐസിസി ചാംപ്യൻസ് ട്രോഫിയാണ് അവരുടെ ആദ്യ മേജർ കിരീടം. 27 വർഷങ്ങൾക്കിപ്പുറം അവർ മറ്റൊരു ട്രോഫി കൂടി ഷോക്കേസിലെത്തിച്ചു.


ക്യാപ്റ്റൻ ടെംബ ബവുമയുടെ വർഷം കൂടിയാണ് 2025. ടെസ്റ്റ് ടീമിനെ ഉജ്ജ്വലമായാണ് താരം നയിച്ചത്. നായകനെന്ന നിലയിൽ ടെസ്റ്റിൽ അനുപമമായ വിജയ ശതമാനവും താരത്തിനുണ്ട്.


Previous Post Next Post