സവർക്കർ പുരസ്‌കാരം ശശി തരൂരിന്; രാജ്‌നാഥ് സിങ് സമ്മാനിക്കും

ന്യൂഡൽഹി: എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരം കോൺഗ്രസ് എംപി ശശി തരൂരിന്. ന്യൂഡൽഹി എൻഡിഎംസി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേർ കൂടി പുരസ്‌കാര ജേതാക്കളാണ്.


ഈ അവാർഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താൻ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. 'ഈ അവാർഡ് ആരാണ് തന്നിരിക്കുന്നത്, ആർക്കാണ് കൊടുത്തിരിക്കുന്നതെന്ന് എനിക്ക് ഒരുപിടിത്തവും ഇല്ല. ഞാൻ ഇങ്ങനെ ഒരു അവാർഡ് സ്വീകരിച്ചിട്ടേയില്ല. മാധ്യമങ്ങൾ പറഞ്ഞാണ് ഇങ്ങനെ ഒരു അവാർഡിനെ പറ്റി കേൾക്കുന്നത്. നിങ്ങൾ അന്വേഷിച്ചോളൂ' - ശശി തരൂർ പറഞ്ഞു.


പൊതുസേവനം, സാമൂഹിക രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികൾക്കാണ് പുരസ്‌കാരം. ദേശീയ ആഗോള തലങ്ങളിലെ ഇടപെടലുകളാണ് തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് എച്ച്ആർഡിഎസ് അറിയിച്ചു. കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ തരൂർ സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും പ്രശംസിക്കുന്നതിൽ കോൺഗ്രസിൽ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.


Previous Post Next Post