ന്യൂഡൽഹി: യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും റദ്ദാക്കലുകൾ ഒഴിവാക്കുന്നതിനും പത്തുശതമാനം സർവീസ് വെട്ടിക്കുറയ്ക്കാൻ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയോട് നിർദേശിച്ച് കേന്ദ്രസർക്കാർ. പ്രതിസന്ധിക്ക് മുൻപ് പ്രതിദിനം 2,200 സർവീസുകളാണ് ഇൻഡിഗോ നടത്തിയിരുന്നത്. ഇതിന്റെ പത്തുശതമാനമായ 200ലധികം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസർക്കാർ ഇൻഡിഗോയോട് നിർദേശിച്ചത്.
'ഇൻഡിഗോ എയർലൈനിന്റെ പ്രവർത്തനങ്ങൾ സ്ഥിരപ്പെടുത്തുന്നതിനും റദ്ദാക്കലുകൾ കുറയ്ക്കുന്നതിനും സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് സഹായിക്കും. 10 ശതമാനം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇത് പാലിക്കുമ്പോൾ തന്നെ, ഇൻഡിഗോ മുമ്പത്തെപ്പോലെ തന്നെ അതിന്റെ എല്ലാ ലക്ഷ്യസ്ഥാനങ്ങളും കവർ ചെയ്യുന്നത് തുടരും,'- ഇൻഡിഗോ എക്സിൽ കുറിച്ചു. യാത്രാ നിരക്കിന് പരിധി നിശ്ചയിക്കൽ, യാത്രക്കാർക്ക് സൗകര്യപ്രദമായ സേവനം നൽകൽ എന്നിവയുൾപ്പെടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.
നേരത്തെ, ഇൻഡിഗോ മേധാവി പീറ്റർ എൽബേഴ്സണിനെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാ മോഹൻ നായിഡുവുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. ഇൻഡിഗോയുടെ സർവീസ് 5 ശതമാനം വെട്ടിക്കുറയ്ക്കാൻ ഡിജിസിഎ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ റദ്ദാക്കലുകൾ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറയ്ക്കൽ പത്തുശതമാനമായി ഉയർത്താൻ കേന്ദ്രസർക്കാർ നിർദേശിക്കുകയായിരുന്നു. ഡിസംബർ 6 വരെ റദ്ദാക്കിയ സർവീസുകളുടെ റീഫണ്ടുകളുടെ 100 ശതമാനവും കൈമാറിയതായും ഇൻഡിഗോ പോസ്റ്റിൽ സ്ഥിരീകരിച്ചു. ശേഷിക്കുന്ന റീഫണ്ടുകളും ബാഗേജ് കൈമാറ്റവും വേഗത്തിലാക്കാൻ നടപടി സ്വീകിരിച്ചിട്ടുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.
