'അന്ന് ദിലീപിൻറെ ഫോൺ അസ്വാഭാവികമായി ഓഫ് ആയി, ഡ്രൈവറുടെ ലൊക്കേഷൻ നെടുമ്പാശ്ശേരിയിൽ'; അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ തെളിവുകൾ മുൻനിർത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ. കേസിൽ നടൻ ദിലീപിന് ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.


സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് പൾസർ സുനി ദിലീപിനോടൊപ്പം തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലും ഒരേ സമയത്തുള്ളതിന്റെ ഫോട്ടോയുണ്ട്. കൂടാതെ ദിലീപിന്റെ കാരവന്റെ സമീപത്ത് സുനി നിൽക്കുന്ന ഫോട്ടോയുമുണ്ട്- ഇത് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തിൻറെ തെളിവാണെന്ന് പ്രോസിക്യൂഷൻ പറയുന്നു.


നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17ന് രാവിലെ 11ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിന്റെ ഫോൺ പിന്നീട് ഓണാക്കുന്നത് രാത്രി 9.30ന്. ഇതിൽ അസ്വാഭാവികതയുണ്ട്.


ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ ലൊക്കേഷൻ സംഭവദിവസം രാത്രി ഒൻപത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പൾസർ സുനിയുള്ള ലൊക്കേഷനിൽ അപ്പുണ്ണിയുടെ ഫോണുണ്ട്. ഈ ഫോണിൽ നിന്ന് ദിലീപിന്റെ സഹോദരിയെയും പേഴ്സണൽ ഡോക്ടറായ ഹൈദരലിയെയും വിളിക്കുന്നുണ്ട്. എന്നാൽ, അപ്പുണ്ണി തന്നെ വിളിക്കാറില്ലെന്നാണ് ഹൈദരലിയുടെ മൊഴി.


നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്നുദിവസം മുൻപേ പനിബാധിച്ച് ആലുവയിലെ ആശുപത്രിയിൽ ദിലീപ് അഡ്മിറ്റായതായി രേഖ. എന്നാൽ, ഇത് ഡോക്ടർ പറഞ്ഞ പ്രകാരം പിന്നീട് എഴുതി തയ്യാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരിയുടെ മൊഴി.


ഡ്രൈവർ അപ്പുണ്ണിയുടെ മൊബൈലിൽ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്,


നടി അതിക്രമത്തിനിരയായതായി താൻ അറിയുന്നത് നിർമാതാവ് ആന്റോ പറഞ്ഞപ്പോഴാണെന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ, അതിനുമുൻപേ നടി ആക്രമിക്കപ്പെട്ടതിന്റെ വാർത്ത ദിലീപിന്റെ മൊബൈലിൽ ലഭിക്കുകയും അത് കണ്ടിട്ടും ഉണ്ട്


നടിയെ ആക്രമിച്ച സംഭവത്തിനുശേഷം 19ന് വൈകീട്ട് നടന്ന സോളിഡാരിറ്റി യോഗത്തിൽ മാധ്യമങ്ങൾ സംഭവം വളച്ചൊടിക്കരുതെന്ന് ദിലീപ്. ഇത് കേസ് തന്നിലേക്കുവരുമെന്നു കണ്ടുള്ള നീക്കമായിരുന്നു.


സംഭവത്തിനുശേഷം പൾസർ സുനി നടി കാവ്യാ മാധവന്റെ ബൊട്ടീക്കായ ലക്ഷ്യയിലെത്തിയതിന് തെളിവുണ്ട്. ഇതിന് സാക്ഷിയായ ജീവനക്കാരൻ സാഗർ വിൻസന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെളിവുണ്ട്


2017 ഏപ്രിൽ 10നും 11നും പൾസർ സുനി ജയിലിൽനിന്ന് നാദിർഷയുടെ ഫോണിലേക്ക് നാലുതവണ വിളിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും സിഡിആറും ഹാജരാക്കിയിട്ടുണ്ട്.


2017 ഏപ്രിൽ 12ന് ദിലീപിന് നൽകാനായി പൾസർ സുനി ജയിലിൽവെച്ച് വിപിൻലാൽ എന്ന സഹതടവുകാരനെക്കൊണ്ട് കത്ത് എഴുതിപ്പിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ട്


ഏപ്രിൽ 20ന് അങ്കമാലി കോടതിയിൽ ഹാജരാക്കിയപ്പോൾ പൾസർ സുനിയുടെ സുഹൃത്ത് സനൽ പി. മാത്യു അപ്പുണ്ണിയെ നേരിട്ടുവിളിച്ച് ലക്ഷ്യയിൽ കൊടുത്ത സാധനം ലഭിച്ചോ എന്ന് ചോദിക്കുന്നുണ്ട്. ഏപ്രിൽ 21ന് ജയിലിലെ കോയിൻ ബോക്‌സിൽനിന്ന് പൾസർ സുനി നേരിട്ടും അപ്പുണ്ണിയെ വിളിക്കുന്നുണ്ട്.

Previous Post Next Post