തിരുവനന്തപുരത്തെ സര്‍ക്കാര്‍ തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍; ഡൗണ്‍ലോഡിംഗ് പണം നല്‍കിയാല്‍.


സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥയില്‍ പ്രവർത്തിക്കുന്ന തീയേറ്ററുകള്‍ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍ സൈറ്റിലും ടെലഗ്രാം ഗ്രൂപ്പിലും വ്യാപകമായി പ്രചരിക്കുന്നു.

ദി ന്യൂസ് മിനിറ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ തീയേറ്ററുകളില്‍ സിനിമ കാണാൻ എത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് മുഖം പോലും ബ്ലർ ചെയ്യാതെ പ്രചരിക്കുന്നത്.

ഈ ദൃശ്യങ്ങള്‍ക്കൊപ്പം ടെലഗ്രാം ചാനലില്‍ ജോയിൻ ചെയ്യാനുള്ള ലിങ്കുകളും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം ടെലഗ്രാം ചാനലില്‍ അംഗമായാല്‍ നിരവധി സബ് ചാനലുകളും കാണാൻ സാധിക്കും. പണം നല്‍കിയാല്‍ ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. പണം അടച്ചെന്ന് തെളിയിക്കുന്ന സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യാൻ മാത്രമായി മറ്റൊരു ചാനലും നിലവിലുണ്ട്.

പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തീയേറ്ററുകളിലെ സീറ്റില്‍ കെഎസ്‌എഫ്ഡിസിയുടെ ലോഗോ തെളിഞ്ഞ് കാണാനും കഴിയും. ചില ദൃശ്യങ്ങളില്‍ കൈരളി എല്‍ 3 എന്ന വാട്ടർമാർക്കും, ചിലതില്‍ ശ്രീ ബിആർ എൻട്രൻസ്, നിള ബിഎല്‍ എൻട്രൻസ് എന്നീ വാട്ടർമാർക്കുകളും ദൃശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് തീയേറ്റർ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച്‌ അറിയില്ലെന്നുമാണ് പ്രതികരണം. തീയേറ്ററുകളില്‍ സിസിടിവി സ്ഥാപിച്ചത് കെല്‍ട്രോണ്‍ ആണെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാൻ വഴിയില്ലെന്നും അവർ പറയുന്നു.


Previous Post Next Post