ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്! തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബര്‍ ഒന്ന് മുതല്‍ ഒടിപി വെരിഫിക്കേഷൻ വരുന്നു.


തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് കൂടുതല്‍ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാരുടെ മൊബൈല്‍ നമ്ബറില്‍ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയില്‍വേ.

റെയില്‍വേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌ ഡിസംബർ 1 മുതല്‍ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നല്‍കുന്ന മൊബൈല്‍ നമ്ബറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്താല്‍ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു.

യഥാർത്ഥ യാത്രക്കാർക്ക് തത്കാല്‍ ടിക്കറ്റുകളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുക, ബുക്കിംഗിലെ സുതാര്യത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ മാറ്റത്തിൻ്റെ പ്രധാന ലക്ഷ്യം. ഐആർസിടിസി വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, റെയില്‍വേ കൗണ്ടറുകള്‍ ഉള്‍പ്പെടെ എല്ലാ ബുക്കിംഗ് ചാനലുകള്‍ക്കും വഴിയും ഈ പുതിയ സംവിധാനം ബാധകമാകും. മുംബൈ സെൻട്രല്‍-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ് (ട്രെയിൻ നമ്ബർ 12009/12010) ലാണ് ഒടിപി അടിസ്ഥാനമാക്കിയുള്ള ഈ തത്കാല്‍ ഓതൻ്റിക്കേഷൻ സംവിധാനം ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. തുടർന്ന് ഇത് റെയില്‍വേ ശൃംഖലയിലെ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍

തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സാധാരണ പോലെ തുടരും. ബുക്കിംഗ് സമയത്തിന് മുൻപ് ഐആർസിടിസി അക്കൗണ്ടില്‍ ലോഗിൻ ചെയ്യുക, യാത്രയുടെ വിവരങ്ങള്‍ നല്‍കുക, 'തത്കാല്‍' ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന് യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കുക എന്നിവയാണ് പ്രധാന ഘട്ടങ്ങള്‍. (ഭാവി ബുക്കിംഗുകള്‍ക്കായി വിവരങ്ങള്‍ 'മാസ്റ്റർ ലിസ്റ്റ്' ഫീച്ചറില്‍ സേവ് ചെയ്യാം.)

പേയ്മെൻ്റ്: നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകള്‍, അല്ലെങ്കില്‍ പേയ്മെൻ്റ് വാലറ്റുകള്‍ ഉപയോഗിച്ച്‌ വേഗത്തില്‍ പണം അടച്ച്‌ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കണം. 2025 ഒക്ടോബർ 28 മുതല്‍ നിലവില്‍ വന്ന ഐആർസിടിസി. അപ്‌ഡേറ്റ് അനുസരിച്ച്‌, റിസർവേഷൻ തുറക്കുന്ന ആദ്യ ദിവസമായ രാവിലെ 8 മണിക്കും 10 മണിക്കും ഇടയിലുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് ആധാർ ഓതൻ്റിക്കേഷൻ നിർബന്ധമാണ്. ആധാർ വെരിഫൈ ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് ഈ സമയത്തിന് പുറത്ത് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

Previous Post Next Post