'നമ്മൾ ഭരിക്കും, നീയാണ് പ്രസിഡന്റ്, ബിജെപി കൂടെ നിൽക്കും': ചരടുവലിച്ചത് എംഎൽഎയെന്ന് കെ ആർ ഔസേപ്പ്

 

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ യുഡിഎഫിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് വിമതൻ കെ ആർ ഔസേഫ്. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും, ഇതിന് കൂട്ടുനിൽക്കാത്തതിനാലാണ് തന്നെ ഒഴിവാക്കി മറ്റൊരു സ്വതന്ത്രയെ പ്രസിഡന്റാക്കിയതെന്നും ഔസേഫ് ആരോപിച്ചു. മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിട്ടും വർഗീയകക്ഷിയുമായി കൂട്ടുചേരാൻ വിസമ്മതിച്ചെന്നും കോൺഗ്രസ് വിമതൻ കെ ആർ ഔസേഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.


ജില്ലയിലെ ഒരു എംഎൽഎയാണ് എല്ലാത്തിനും ചരടുവലിച്ചതെന്നും ഔസേഫ് വെളിപ്പെടുത്തി. ടി എം ചന്ദ്രനാണ് ബിജെപിയുമായി ഡീൽ ഉണ്ടെന്ന് തന്നോട് വെളിപ്പെടുത്തിയത്. ന്യൂനപക്ഷങ്ങളോടുള്ള കടപ്പാടുകൊണ്ടാണ് താൻ ഇന്ന് ആരോപണങ്ങൾ കേൾക്കേണ്ടിവന്നത്. അഞ്ചുപേർ ചർച്ചക്കായി വീട്ടിലെത്തിയ സിസിടിവി ദൃശ്യങ്ങളും ഔസേഫ് പുറത്തുവിട്ടു.


നമ്മൾ ഭരിക്കുമെന്നും നീയാണ് പ്രസിഡന്റ് എന്നുമാണ് അന്ന് വീട്ടിൽ എത്തിയവർ പറഞ്ഞത്. എട്ടു യുഡിഎഫ് അംഗങ്ങളും രണ്ടു വിമതരും ചേർന്നാലും പത്തുപേരേ ആകൂ എന്നതിനാൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് ബിജെപി കൂടെ നിൽക്കുമെന്ന് പറഞ്ഞത്. അത് ശരിയാവില്ലെന്ന് പറഞ്ഞതോടെയാണ് അവർ മറ്റേ സ്വതന്ത്രയെ മുന്നിൽ നിർത്തി ഭരണം പിടിച്ചത്. തനിക്ക് യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഇടതിനൊപ്പം തുടരുമെന്നും ഔസേഫ് പറഞ്ഞു.


അതേസമയം, മറ്റത്തൂർ പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളിൽ രാജിവെക്കണം. 10 ദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണ്. തെറ്റു തിരുത്തി പിന്മാറിയില്ലെങ്കിൽ, പാർട്ടി തീരുമാനത്തിന്റെ ഭാഗമായി അയോഗ്യത നടപടികളുമായി മുന്നോട്ടു പോകുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

Previous Post Next Post