കുട്ടികൾ വിളിച്ചിട്ടും അമ്മ ഉറക്കമുണർന്നില്ല, യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല

തൃശൂർ: മണലൂരിൽ യുവതി വാടക വീട്ടിൽ മരിച്ച നിലയിൽ. മണലൂർ തൃക്കുന്ന് സ്വദേശി പുത്തൻപുരയ്ക്കൽ സലീഷിന്റെ ഭാര്യ നിഷമോൾ (35) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇവരുടെ ഭർത്താവിനെ കാണാതായി.


മണലൂർ ഗവ.ഐടിഐ റോഡിൽ വാടകവീട്ടിലെ മുറിയിൽ ഇന്നലെ രാവിലെയാണ് നിഷയെ മരിച്ച നിലയിൽ കണ്ടത്. അമ്മ ഉണരുന്നില്ലെന്ന് കുട്ടികൾ അടുത്തവീട്ടിൽ ചെന്ന് അറിയിച്ചതിനെത്തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിയുന്നത്. ഈ സമയത്ത് സലീഷ് വീട്ടിലുണ്ടായിരുന്നില്ല.


തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി സലീഷുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ചെയ്ത നിലയിൽ ആയിരുന്നു. സലീഷ് വരാതിരുന്നതിനെ തുടർന്ന് വൈകിട്ട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, നിഷമോളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ മാത്രമേ വ്യക്തത ലഭിക്കു എന്നാണ് പൊലീസ് നിലപാട്.


ചാലക്കുടി സ്വദേശിനിയായ നിഷയുടെ രണ്ടാം ഭർത്താവാണ് സലീഷ്. നിഷയുടെ ആദ്യ ഭർത്താവിന്റെ കുട്ടികളാണ് ഇവർക്കൊപ്പമുള്ളത്. സലീഷുമായുള്ള ബന്ധത്തിൽ മക്കളില്ല. നിഷയെ സലീഷ് മർദിക്കാറുണ്ടെന്നും പൊലീസിൽ നേരത്തേ പല തവണ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തിൽ സെയിൽസ് ജോലി ചെയ്തുവരുന്ന നിഷ നിഷ രണ്ടു ദിവസമായി അവധിയിലായിരുന്നെന്നാണ് വിവരം. മക്കൾ: വൈഗ, വേദ.

Previous Post Next Post