'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോൾ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേർന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാൻ'

കൊച്ചി: ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യർ പറഞ്ഞതിൽ നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് നടൻ ദിലീപ്. അവർക്കൊപ്പം മുതിർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ചേർന്നു. തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കാൻ വേണ്ടിയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. ഒരു സംഘം ക്രിമിനൽ പൊലീസുകാരും ഇവർക്കൊപ്പം കൂട്ടുചേർന്നെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം കോടതിയിൽ നിന്ന് പുറത്തുവന്ന ദിലീപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.


പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യഥാർത്ഥത്തിൽ തനിക്കെതിരെ ആയിരുന്നു ഗൂഢാലോചന നടന്നത്. തനിക്കെതിരായ ഗൂഢാലോചന കോടതിയിൽ പൊളിഞ്ഞെന്നും ദിലീപ് വ്യക്തമാക്കി. കേസിൽ വെറുതെ വിട്ട ശേഷം ആരാധകർക്ക് നേരെ കൈവീശി ആത്മവിശ്വാസത്തോടെയാണ് ദിലീപ് കോടതിയിൽ നിന്ന് പുറത്തേയ്ക്ക് വന്നത്.


സർവശക്തനായ ദൈവത്തിന് നന്ദിയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ദിലീപിന്റെ ആദ്യ പ്രതികരണം. സത്യം തെളിഞ്ഞു. തനിക്കു വേണ്ടി പ്രാർത്ഥിച്ച കോടിക്കണക്കിന് പേർക്ക് നന്ദിയെന്നും ദിലീപ് പറഞ്ഞു. ഒൻപത് വർഷത്തോളം അഹോരാത്രം തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരോട് നന്ദി പറയുന്നു. അഡ്വ കെ രാമൻപിള്ളയുടെ അടക്കം പേരെടുത്ത് പറഞ്ഞായിരുന്നു നന്ദി പറച്ചിൽ. എന്നെ സപ്പോർട്ട് ചെയ്ത് ഒൻപത് വർഷക്കാലം ജീവിപ്പിച്ച ഒരുപാട് പേരുണ്ട് വിവിധ മേഖലകളിൽ. അവരോട് നന്ദി പറയുന്നു. പേരെടുത്ത് പറഞ്ഞാൽ തീരില്ല. അവരോടെല്ലാം ആത്മാർഥമായി നന്ദി പറയുന്നുവെന്നും ദിലീപ് വ്യക്തമാക്കി.

Previous Post Next Post