'അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവർക്ക് ഇപ്പോൾ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതിൽ എല്ലാവരും ചിരിക്കുന്നു'

തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തിന്റെ പേരിൽ കേസെടുത്ത സംഭവത്തിൽ ഗാനരചയിതാവ് ഉൾപ്പെടെ നാലുപേരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസെടുത്തതോടെ സാംസ്‌കാരിക കേരളത്തിന് മുന്നിൽ പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണം. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കറുത്ത അധ്യായമായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും. തീവ്ര വലതുപക്ഷ സർക്കാരുകളാണ് ഇങ്ങനെയെല്ലാം ചെയ്യാറെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.



'സിനിമാ വിലക്കിന് എതിരെ മുഖ്യമന്ത്രി പ്രസ്താവന നടത്തി 24 മണിക്കൂർ കഴിയുന്നതിന് മുൻപ് ഒരു പാരഡി പാട്ടിന്റെ പേരിൽ കേസെടുത്തിരിക്കുകയാണ്. സാംസ്‌കാരിക കേരളത്തിന് ഇത് അപമാനമാണ്. കേസെടുത്തതിനെ പരിഹാസമായാണ് കാണുന്നത്. കേസെടുത്തതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ആ ഗാനം എത്രപേരെ വിഷമിപ്പിച്ചു എന്ന് മനസിലായി. സ്ത്രീപ്രവേശന കാലഘട്ടത്തിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ടല്ലോ? സിപിഎം നേതാവ് എം സ്വരാജ് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. അപ്പോഴൊന്നും കേസെടുത്തിട്ടില്ല. അപ്പോഴൊന്നും മതവികാരം വ്രണപ്പെടാത്തവരായിരുന്നു അവർ. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്നും ഇനി അയ്യപ്പൻ മാളികപ്പുറത്തമ്മയെ കല്യാണം കഴിക്കണമെന്നും മാളികപ്പുറത്തമ്മയുടെ കണ്ണീരാണ് പ്രളയമായി മാറിയതെന്നും പ്രസ്താവന ഇറക്കിയ സിപിഎം നേതാവിനെതിരെ കേസെടുത്തിട്ടില്ല. അതൊന്നും ഓർമ്മിപ്പിക്കരുത്. എത്ര അധിക്ഷേപകരമായാണ് മുഖ്യമന്ത്രിയും സിപിഎം നേതാവും സംസാരിച്ചത്. ഇപ്പോൾ എന്താണ് മതപരമായ ആചാരത്തോട് സിപിഎമ്മിന് സ്‌നേഹം വന്നത്? അയ്യപ്പന്റെ സ്വർണം കവർന്നതോ, ആചാര ലംഘനം നടത്തിയതോ ഒന്നുമല്ല പ്രശ്‌നം . പാരഡി ഗാനമാണ് പ്രശ്‌നം. എത്രമാത്രം പ്രസ്ഥാനം അധഃപതിച്ചിരിക്കുന്നു. അത്ര നാണക്കേട് ആയിപ്പോയി സംഭവം. കേസെടുത്ത കാര്യം കേട്ട് എല്ലാവരും ചിരിക്കുകയാണ്. തോൽവി സാമാന്യയുക്തിയെ വരെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഈ പരാജയം എത്രമാത്രം വലിയ ആഘാതമാണ് വരുത്തിയിരിക്കുന്നത് എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.'- വി ഡി സതീശൻ പറഞ്ഞു.

Previous Post Next Post