ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്ഐആർ ) നടപടികൾ നീട്ടണമെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ കേരളത്തോട് സുപ്രീംകോടതി. നിവേദനം ലഭിച്ചാൽ അനുഭാവപൂർണമായ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. എസ്‌ഐആർ നടപടികൾ മൂന്നാഴ്ചയെങ്കിലും നീട്ടി നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
കേരളത്തിൽ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നടക്കുന്നത് അടക്കമുള്ള നടപടികൾ ഇന്ന് അവസാനിക്കുകയാണ്. എന്നാൽ ഏതാണ്ട് 25 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്താണ്. ഈ സാഹചര്യത്തിൽ എസ്‌ഐആർ നടപടികൾ പൂർത്തികരിക്കാൻ രണ്ടോ മൂന്നോ ആഴ്ചയെങ്കിലും നീട്ടി നൽകണമെന്നാണ് കേരള സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
എന്നാൽ തീയതി ഇനിയും നീട്ടി നൽകാനാവില്ലെന്ന് വാദത്തിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകൻ നിലപാട് അറിയിച്ചു. അപ്പോഴാണ് കേരളത്തിന്റെ സാഹചര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ കോടതി നിർദേശിച്ചത്. കേസ് ജനുവരി ആറിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. എസ്‌ഐആർ പൂർത്തിയാക്കി ബംഗാൾ അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു.
