വോട്ടു വെട്ടലിലൂടെ 'താര'മായി; മുട്ടടയില്‍ വൈഷ്ണ സുരേഷിന് മിന്നുന്ന ജയം

 


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയിച്ചു. 363 വോട്ട് നേടിയാണ് വൈഷ്ണ ജയിച്ചത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.


സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്ന് വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയത് വിവാദമായിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ മുട്ടട ഡിവിഷനില്‍ വോട്ട് ചെയ്യാനും മത്സരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പച്ചക്കൊടി നല്‍കിയത്. വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയതോടെയാണ് മത്സരിക്കാനായത്.


വോട്ടര്‍ പട്ടികയില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന സിപിഎമ്മിന്റെ ആരോപണത്തിലാണ് വൈഷ്ണയുടെ പേര് വെട്ടുന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക നടപടിയുണ്ടായത്. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

ഇതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയില്‍ നിന്ന് നിരീക്ഷണം ഉണ്ടായി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയാണ് വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Previous Post Next Post