ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടലുമായി റെയില്‍വെ.
രാജ്യത്തെ വിവിധ റെയില്‍വെ ഡിവിഷനുകളിലാണ് ഇന്നലെ മുതല്‍ പ്രത്യേക സര്‍വീസുകളും അധിക കോച്ചുകളും ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് റെയില്‍വെയുടെ ഇടപെടല്‍.
മൂന്ന് ദിവസത്തില്‍ ഇത്തരത്തില്‍ ഇന്ത്യന്‍ റെയില്‍വേ 89 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ (100ലധികം ട്രിപ്പുകള്‍) നടത്തും. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയില്‍വേ വിന്യസിച്ചു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബര്‍ 13 വരെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് നിലവില്‍ റെയില്‍വേ ആലോചിക്കുന്നത്.
തിരുവനന്തപുരം നോര്‍ത്ത് - ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 3.45 ന് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. തിങ്കളാഴ് ഉച്ചയ്ക്ക് 1.50 ന് ആണ് ട്രയിന്‍ ചെന്നെയില്‍ നിന്ന് തിരിക്കുക. നാഗര്‍കോവിലില്‍ നിന്ന് താംബരം വരെ സൂപ്പര്‍ഫാസ്റ്റ് (ഡിസംബര്‍ 7), താംബരം-നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് (ഡിസംബര്‍ 8) എന്നിവയാണ് മറ്റ് പ്രത്യേക ട്രെയിനുകള്‍.
അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച (ഡിസംബര്‍ 7) സര്‍വീസ് നടത്തുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഡോ. എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12696), മുംബൈ സി.എസ്.ടി-ചെന്നൈ ബീച്ച് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22157), ഡിസംബര്‍ 10 ന് സര്‍വീസ് നടത്തുന്ന ജോധ്പൂര്‍-തിരുച്ചിറപ്പള്ളി ഹംസഫര്‍ എക്‌സ്പ്രസ് (20481) എന്നിവയിലും ഒരു എ.സി ത്രീ-ടയര്‍ കോച്ച് കൂടി ഉണ്ടാകും.