തിരുവനന്തപുരം: വീറും വാശിയുമുള്ള പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാനുള്ള കാത്തിരിപ്പാണ്. രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 244 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. ഉച്ചയ്ക്കു മുൻപായി ഫലം ഏറെക്കുറെ പൂർണമായി അറിയാനാവും. പതിനൊന്നു മണിയോടെ ചിത്രം തെളിയും.
ബ്ലോക്കുതല കേന്ദ്രങ്ങളിൽ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടേയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളിൽ ബ്ലോക് പഞ്ചായത്ത് വരണാധികാരികൾക്ക് പ്രത്യേകം ഹാളുകളിലാണ് വോട്ടെണ്ണൽ. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ മേശകളിൽ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ കലക്ട്രേറ്റിലാണ് എണ്ണുക.
വരണാധികാരിയുടെ മേശയിൽ തപാൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ കവർ പൊട്ടിച്ച് എല്ലാ ഫോമുകളും ഉണ്ടോയെന്ന് പരിശോധിച്ച ശേഷമാകും എണ്ണുക. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന തപാൽ ബാലറ്റുകൾ വൈകി ലഭിച്ചു എന്ന് രേഖപ്പെടുത്തി എണ്ണാതെ മാറ്റി വെക്കും.
വോട്ടിങ് മെഷീൻ എത്തിക്കുന്നതു മുതലുള്ള നടപടിക്രമങ്ങൾ
വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്‌ട്രോങ് റൂം തുറന്ന് ഓരോ വാർഡിലെയും വോട്ടിങ് മെഷീനുകളുടെ കൺട്രോൾ യൂണിറ്റുകൾ വോട്ടെണ്ണൽ ഹാളിലേക്ക് എത്തിക്കും. വാർഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകൾ എത്തിക്കുക. ഒരു വാർഡിലെ എല്ലാ ബൂത്തുകളും ഒരു മേശയിൽ എണ്ണും. സ്ഥാനാർഥിയുടെയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യം ഓരോ മേശയിലും. ത്രിതല പഞ്ചായത്തുകൾക്ക് ഓരോ മേശയിലും കൗണ്ടിങ് സൂപ്പർവൈസർ, 2 കൗണ്ടിങ് അസിസ്റ്റന്റുമാർ. നഗരസഭകളിലും കോർപറേഷനുകളിലും ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും. ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും കൗണ്ടിങ് ഹാളിൽ റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കു സമീപം വോട്ടെണ്ണൽ, ടാബുലേഷൻ, പാക്കിങ്, സീലിങ് എന്നിവയ്ക്കു പ്രത്യേകം മേശകൾ. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് വോട്ടെണ്ണാൻ പഞ്ചായത്തുകളിൽ വരണാധികാരിക്കു കീഴിൽ പരമാവധി 8 മേശകളും നഗരസഭകളിൽ പരമാവധി 16 മേശകളും.
വോട്ടെണ്ണുന്ന രീതി
കൺട്രോൾ യൂണിറ്റിൽ സീൽ, ടാഗ് എന്നിവ ഉണ്ടെന്നു പരിശോധിച്ച് ഉറപ്പാക്കും. കൗണ്ടിങ് സൂപ്പർവൈസർ കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യും. ഡിസ്‌പ്ലേയിൽ പച്ച ലൈറ്റ് തെളിയും. റിസൽറ്റ് ബട്ടണിനു മുകളിലെ പേപ്പർ സീൽ പൊട്ടിക്കും. തുടർന്നു ബട്ടൺ അമർത്തും. പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഘട്ടങ്ങളായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം പുറത്തുവരും; നഗരസഭയിലും കോർപറേഷനിലും ഒരു വോട്ടു മാത്രമായതിനാൽ ഒറ്റഫലമാണ് പുറത്തു വരിക. ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് കാണിക്കും. കൗണ്ടിങ് അസിസ്റ്റന്റുമാർ ടാബുലേഷൻ ഫോമിൽ രേഖപ്പെടുത്തുന്ന ഫലം, കൗണ്ടിങ് സൂപ്പർവൈസർമാർ ഫോം 24 എയിൽ രേഖപ്പെടുത്തും. ഇത് അപ്പോൾത്തന്നെ വരണാധികാരിക്കു നൽകും.
എല്ലാം തത്സമയം
കൗണ്ടിങ് സ്ലിപ്പിൽകൂടി ഫലം രേഖപ്പെടുത്തി വരണാധികാരി അംഗീകരിക്കുന്നതോടെ ട്രെൻഡ് സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യും. വോട്ടെണ്ണൽ പുരോഗതി ട്രെൻഡിൽ തത്സമയം അറിയാം. ഓരോ വാർഡിലെയും കൗണ്ടിങ് കഴിയുന്നതനുസരിച്ച് ആ വാർഡിലെ സ്ഥാനാർഥികളും ഏജന്റുമാരും പുറത്തുപോകണം. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫലപ്രഖ്യാപനം നടത്തുന്നതിനൊപ്പം വിജയികൾക്കു സർട്ടിഫിക്കറ്റ് നൽകും.
