തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച വോട്ട് വിഹിതത്തിന്റെ ഔദ്യോഗിക കണക്ക് പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കാണ് പുറത്തു വന്നത്. യുഡിഎഫാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. 29.17 ശതമാനം വോട്ട് വിഹിതവുമായി കോൺഗ്രസാണ് പാർട്ടികളിൽ നേട്ടമുണ്ടാക്കിയതിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള സിപിഎമ്മിന് 27.16ശതമാനം വോട്ട് വിഹിതമാണുള്ളത്. 14.76 ശതമാനം മാത്രമാണ് ബിജെപിയുടെ വോട്ട് വിഹിതം.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ചു കോൺഗ്രസ് 8 ജില്ലകളിൽ 30 ശതമാനത്തിലേറെ വോട്ട് നേടിയപ്പോൾ, സി പി എമ്മിന് 2 ജില്ലകളിൽ മാത്രമാണ് ഈ നേട്ടം. ബിജെപിയ്ക്ക് ഒരു ജില്ലയിൽ പോലും 30 ശതമാനം വോട്ടില്ല. ബിജെപി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയ ഒരൊറ്റ ജില്ല മാത്രമാണുള്ളത്. അതാകട്ടെ ചരിത്ര വിജയം നേടിയ തിരുവനന്തപുരം ജില്ലയാണ്. തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റ് നേടിയതാണ് ജില്ലയിൽ ബി ജെ പിക്ക് നേട്ടമായത്
സിപിഎമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ട് ലഭിച്ചത് കണ്ണൂർ, പാലക്കാട് ജില്ലകളിലാണ്. കോൺഗ്രസിനാകട്ടെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള 8 ജില്ലകളിലാണ് ഈ നേട്ടം സ്വന്തമായത്. വടക്കൻ ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചെങ്കിലും വോട്ട് വിഹിതം 30 ശതമാനം കടന്നിട്ടില്ല. മലപ്പുറത്തടക്കം യുഡിഎഫ് വൻ വിജയം നേടിയെങ്കിലും ജില്ലയിൽ മുസ്ലിം ലീഗിനാണ് വലിയ നേട്ടം. സംസ്ഥാനത്തെ മൊത്തം കണക്ക് പരിശോധിക്കുമ്പോൾ ലീഗിന് ആകെ ലഭിച്ചത് 9.77 ശതമാനം വോട്ട് വിഹിതമാണ്.
പാർട്ടികളുടെ വോട്ട് വിഹിതം
കോൺഗ്രസ് - 29.17 ശതമാനം
സി പി എം - 27.16 ശതമാനം
ബി ജെ പി - 14.76 ശതമാനം
മുസ്ലിം ലീഗ് - 9.77 ശതമാനം
സി പി ഐ - 5.58 ശതമാനം
