ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി പുതൃകാവില്‍ പി. സഹദ് (19) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി യുവതിയെ പരിചയപ്പെട്ട പ്രതി വിവാഹവാഗ്ദാനം നല്‍കി പ്രണയം നടിച്ച് ലൈംഗിക ഉദ്ദേശത്തോടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് പ്രതിയെ യുവതി ഇൻസ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധം കാരണം ചിത്രങ്ങള്‍ യുവതിയുടെ കൂട്ടുകാരികള്‍ക്കും മറ്റും അയച്ചുകൊടുക്കുകയായിരുന്നു.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നാല് വ്യത്യസ്ത ഇൻസ്റ്റഗ്രാം ഐഡികള്‍ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ നിർമ്മിക്കാൻ ഉപയോഗിച്ച ഫോണ്‍ നമ്ബറുകള്‍ പ്രതിയുടേതായിരുന്നില്ല. മൊബൈല്‍ ടെക്നീഷ്യൻ കോഴ്സ് പഠിച്ച സഹദ്, തനിക്ക് റിപ്പയർ ചെയ്യാൻ ലഭിക്കുന്ന ഫോണുകളിലെ സിം കാർഡ് ഉപയോഗിച്ച് ഉടമകളുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ അക്കൗണ്ടുകള്‍ നിർമ്മിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, കെ. സിൻഷ, ജോയ്‌സ് ജോണ്‍, സീനിയർ സിവില്‍ പോലീസ് ഓഫീസർ റോബിൻ ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.