'സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? പ്രത്യേക പരിഗണന നല്‍കാനാവില്ല'; വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ, കോഴിക്കോട് കോർപ്പറേഷനിലേക്ക് ക്കാനൊരുങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥിയും സംവിധായകനുമായ  വി എം വിനുവിന് തിരിച്ചടി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങൾക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പട്ടികയിൽ പേരില്ലാത്തതിനെതിരെയുള്ള വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി.


താങ്കൾ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേൽ എതിർപ്പുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുകയും ചെയ്തത് അറിഞ്ഞില്ലേ?. സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രിറ്റി ആയതുകൊണ്ട് അനുകൂല ഉത്തരവ് നൽകാനാവില്ല. നിങ്ങളുടെ കഴിവുകേടിന് മറ്റു രാഷ്ട്രീയ പാർട്ടികളെ കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.


കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായിട്ടാണ് വി എം വിനുവിനെ കോൺഗ്രസ് മത്സരിപ്പിക്കാനൊരുങ്ങിയത്. എന്നാൽ വോട്ടർ പട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് വിനുവിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായത്. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയിൽ ഹർജി നൽകിയത്. സെലബ്രിറ്റി ആയതിനാൽ താൻ വിജയിക്കുമെന്നത് കണക്കിലെടുത്ത് ഭരണപക്ഷം തന്റെ പേര് ഒഴിവാക്കുകയായിരുന്നുവെന്നാണ് വിനു കോടതിയിൽ അഭിപ്രായപ്പെട്ടത്. ഇതിനാണ് നിങ്ങളുടെ കഴിവുകേടിന് മറ്റുള്ളവരെ പഴിചാരരുതെന്ന് കോടതി പറഞ്ഞത്.


തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. അതുകൊണ്ടാണ് ആ കേസിൽ കോടതി ഇടപെട്ടത്. മുട്ടട കേസുമായി ഈ കേസിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും കോടതി പറഞ്ഞു. കരടു വോട്ടർ പട്ടികയിൽ പോലും പേരില്ലാത്തതിനാൽ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വി എം വിനുവിനെ കല്ലായി ഡിവിഷനിൽ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹർജി തള്ളിയതോടെ വിനുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

Previous Post Next Post