തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തില്‍ മഴ ശക്തമാകാൻ സാധ്യത.
ശ്രീലങ്കയ്ക്ക് സമീപത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് (16/11/2025) കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ (17/11/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, 18, 19, 20 തീയതികളിലും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇതിനോടൊപ്പം, സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നവംബർ 16 മുതല്‍ 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.