പയ്യന്നൂർ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസർ (ബിഎല്‍ഒ) ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് പിതാവ്.
ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോർജാണ് മരിച്ചത്. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ ആണ് അനീഷ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട (എസ്‌ഐആർ) സമ്മർദം കാരണമാണ് മകൻ ജീവനൊടുക്കിയതെന്നാണ് അനീഷിന്റെ പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
എസ്‌ഐആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനില്‍ നടക്കുകയായിരുന്നെന്നും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാദ്ധ്യതയുമില്ലെന്നും പിതാവ് പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തിയത്. വ്യക്തിപരമായ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണോ അനീഷിന്റെ മരണത്തിന് കാരണമെന്നും അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജോലിഭാരമാണ് അനീഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന വിവരം ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഎല്‍ഒമാർക്ക് 31 ദിവസം മറ്റൊരു ജോലികളും നല്‍കിയിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേല്‍ക്കർ പ്രതികരിച്ചു.
അതേസമയം, ബിഎല്‍ഒ ആയിരുന്ന അനീഷിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാർ നാളെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും. 35,000 പേരാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് നാളെ മാർച്ച് നടത്തും.