ഊബറും ഒലയും നിയമവിരുദ്ധം, സർക്കാരിന്റെ കേരള സവാരിയും രജിസ്റ്റർ ചെയ്തിട്ടില്ല; തടയുമെന്ന് മുന്നറിയിപ്പുമായി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്‌സികൾ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ നയത്തിന് രൂപം നൽകിയിട്ടുണ്ട്. അനുവാദം വാങ്ങി ഓൺലൈൻ ടാക്‌സികൾക്ക് പ്രവർത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. റാപിഡോ മാത്രമാണ് അപേക്ഷ നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.


ഓൺലൈൻ ടാക്‌സികൾക്ക് നിയമപരമായി ഓടുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ ഇവിടെ ഇപ്പോൾ ഓടുന്നത് നിയമവിരുദ്ധമായിട്ടാണ്. ഓൺലൈൻ ടാക്‌സിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ നയത്തിന് രൂപം നൽകിയിട്ടുണ്ട്. കോടതിയുടെ നിർദേശപ്രകാരമാണ് ഇതിന് രൂപം നൽകിയത്. ഈ നയം അനുസരിച്ച് ഊബർ, ഒല എന്നി കമ്പനികൾ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നൽകിയിട്ടുള്ളത്. അപേക്ഷ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് പരിശോധിക്കുന്നത്. സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായുള്ള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അടുത്ത ദിവസം യോഗം ചേർന്നിരുന്നു. ഇതുവരെ മറ്റാരും അപേക്ഷ നൽകിയിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നൽകിയത്. നയം അനുസരിച്ച് ഇവർ നൽകുന്ന അപേക്ഷയിൽ എല്ലാ കാര്യങ്ങളും ഉണ്ടെങ്കിൽ അനുമതി നൽകാൻ ഒരു തടസ്സവുമില്ലെന്നും മന്ത്രി അറിയിച്ചു.


ഊബറും ഒലയും നിയമവിരുദ്ധമാണ്. ഇനി അവരുടെ പ്രവർത്തനം തടയും. സംസ്ഥാനത്ത് നൽകേണ്ട ഒരു നികുതിയുണ്ട്. ഇത് കേന്ദ്രസർക്കാരാണ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ അവർ അടയ്‌ക്കേണ്ട ഫീസ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുതുക്കിയിരുന്നു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവർത്തിക്കാം. അനുവാദം വാങ്ങാതെ പ്രവർത്തിച്ചാൽ പിടികൂടുമെന്നും മന്ത്രി അറിയിച്ചു.

Previous Post Next Post