'ധാർമികതയും മാന്യതയും സ്വയം പാലിക്കണം, രാഹുൽ വിട്ടുനിൽക്കണമായിരുന്നു'; മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്ത സംഭവത്തിൽ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ പരിപാടിയുടെ, വേദിയിൽ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു എന്നും മന്ത്രി വ്യക്തമാക്കുന്നു. രാഹുൽ മാങ്കൂട്ടത്തെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ച് മണിക്കൂറുകൾക്കകമാണ് ശിവൻകുട്ടിയുടെ മലക്കം മറിച്ചിൽ. 


ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല. എന്നാൽ പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതാണ്. പൊതുസമൂഹത്തിൽ, പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ, ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ എന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.


പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ ഭാവിയിൽ വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ സംസ്ഥാന സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറയുന്നു.

Previous Post Next Post