തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുകയാണ്. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുകയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുകയുമാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായാണ് റെയിൽവെ പ്രവർത്തിച്ചത്. എന്നാൽ ഇപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർഎസ്എസിന്റെ വർഗ്ഗീയ അജണ്ടയ്ക്കു കൂട്ടുനിൽക്കുന്നു. വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം ഉയരണം എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിനും ബിജെപിക്കും 'വകതിരിവെന്നത് 'പണ്ടേ ഇല്ല
ഇന്ത്യയുടെ പൊതുസ്ഥാപനമായ ഇന്ത്യൻ റെയിൽവേയെ വർഗ്ഗീയ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് ആർഎസ്എസ് ഗണഗീതം പാടിയ നടപടിയെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. വന്ദേഭാരത് സർവ്വീസ് ആരംഭിക്കുന്ന എല്ലാ ചടങ്ങുകളെയും അടിമുടി രാഷ്ട്രീയവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് എന്നും രാജ്യസഭാ എംപി ചൂണ്ടിക്കാട്ടി.
എറണാകുളം-ബാംഗ്ലൂർ റൂട്ടിൽ താൽക്കാലിക രൂപത്തിലാണെങ്കിലും നേരത്തെ ഒരു സർവ്വീസ് ഉണ്ടായിരുന്നു. അത് ഏകപക്ഷീയമായി നിർത്തലാക്കുകയായിരുന്നു. ഇത് പുനരാരംഭിക്കണമെന്ന് ഞാനുൾപ്പടെയുള്ള കേരള എംപിമാർ പല തവണ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ ഈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ തന്നെ പരിഗണിക്കാമെന്ന നിർദ്ദേശം ഇന്ത്യൻ റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. എന്നാൽ പൊടുന്നനെ തന്നെ ഒരു ദിവസം റെയിൽവെ മന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പടെയുള്ള പാർട്ടി ഭാരവാഹികളുമായി ഓൺലൈൻ മീറ്റിംഗ് നടത്തുന്നു, വന്ദേഭാരത് സർവ്വീസ് പ്രഖ്യാപിക്കുന്നു. ഇത്രയും തരം താഴ്ന്ന രീതിയിൽ ഒരിക്കലും ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ പ്രവർത്തിച്ചിട്ടില്ല. അതിന്റെ തുടർച്ചയെന്നോണമാണ് ഗണഗീതാലാപനവും മറ്റ് രാഷ്ട്രീയ കാര്യപരിപാടികളും പുതിയ സർവീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. കേന്ദ്ര സർക്കാരിനും ഭരണകക്ഷിയായ ബിജെപിക്കും 'വകതിരിവെന്നത് 'പണ്ടേ ഇല്ല. എന്നാൽ അതിന്റെ മാറ്റ് എത്രത്തോളം വർദ്ധിപ്പിക്കാമെന്നാണ് അവർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
