'ദൈവതുല്യരായ എത്രയോ പേരുണ്ട്, ഞാൻ എങ്ങനെ അറിയാനാണ്; ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുവന്നത് ഞാനല്ല'

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ താന്ത്രികവിധിപ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് അവിടെ താൻ ചെയ്തിട്ടുള്ളൂവെന്ന് തന്ത്രി കണ്ഠരര് രാജീവര്. തീരുമാനങ്ങൾക്ക് ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്റെ ജോലിയെന്നും കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് അറിയാം. എന്നാൽ പോറ്റിയെ അവിടെ കൊണ്ടുവന്നത് താനല്ലെന്നും അദ്ദേഹം പറഞ്ഞു.


'കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്താൻ പരിമിതിയുണ്ട്. എസ്‌ഐടിയെ കണ്ടു. കൂടുതൽ വിശദാംശങ്ങൾ നൽകുന്നതിന് നിയന്ത്രണമുണ്ട്. താന്ത്രികവിധിപ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് താൻ അവിടെ ചെയ്തിട്ടുള്ളൂ. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ വസ്തുക്കളുടെയെല്ലാം കസ്റ്റോഡിയൻ ദേവസ്വം ബോർഡ് ആണ്. അതിൽ നമുക്ക് ഒരു ബന്ധവുമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം. ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർക്ക് ചെയ്ത ആളല്ലേ. അറിയാതിരിക്കുമോ. പോറ്റിയെ കൊണ്ടുവന്നത് താനല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ എസ്‌ഐടിയോട് പറഞ്ഞിട്ടുണ്ട്.'- കണ്ഠരര് രാജീവര് പറഞ്ഞു.


ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ സൂചിപ്പിച്ച 'ദൈവതുല്യർ ആരെന്ന് തനിക്കറിയില്ലെന്നും കണ്ഠര് രാജീവര് പറഞ്ഞു. 'ദൈവതുല്യരായ എത്രയോ പേരുണ്ട്. ഞാൻ എങ്ങനെ അറിയാനാണ്'- കണ്ഠരര് രാജീവര് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.


അതിനിടെ ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ഠരര് രാജീവര്,കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. എസ്ഐടി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുപ്പ്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയുമെന്നും, പരിചയമുണ്ടെന്നും തന്ത്രിമാർ മൊഴി നൽകി. ശബരിമലയിലെ പ്രവൃത്തികൾ തീരുമാനിക്കുന്നത് ദേവസ്വം ബോർഡ് ആണെന്നും തന്ത്രിമാർ അറിയിച്ചു.


ശബരിമലയിൽ നടത്തുന്ന അറ്റകുറ്റപ്പണികളോ, മറ്റു പ്രവർത്തനങ്ങളോ ദേവസ്വം ബോർഡ് യോഗമാണ് തീരുമാനിക്കുന്നത്. ഇതൊന്നും തന്ത്രിമാർ തീരുമാനിച്ച് ബോർഡിന് നിർദേശം നൽകുന്നതല്ല. ആചാരപരമായ പ്രശ്നങ്ങളുണ്ടോ എന്ന കാര്യം മാത്രമാണ് തന്ത്രിമാരോട് ചോദിക്കാറുള്ളത്. കട്ടിളപ്പാളിയും ദ്വാരപാലകശിൽപ്പങ്ങളും സ്വർണം പൂശാനും വാതിൽ അറ്റകുറ്റപ്പണിക്കും ദേവസ്വം ബോർഡും ഉദ്യോഗസ്ഥരുമാണ് തീരുമാനമെടുത്തത്. ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും മൊഴി നൽകിയിട്ടുണ്ട്.


ശബരിമലയിൽ നിരന്തരം വരുന്നയാൾ, നേരത്തെ കീഴ് ശാന്തിയായി ജോലി ചെയ്ത ആൾ, ബംഗളൂരുവിലെ ക്ഷേത്രങ്ങളിൽ ജോലി ചെയ്തയാൾ എന്നീ നിലകളിലുള്ള പരിചയം മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉള്ളത്. അതിനപ്പുറം മറ്റു ബന്ധങ്ങളോ, സാമ്പത്തിക ഇടപാടുകളോ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇല്ലെന്നും തന്ത്രിമാർ അറിയിച്ചു. മഹസ്സർ എഴുതി തയ്യാറാക്കിയത് ഉദ്യോഗസ്ഥരാണെന്നും നയപരമായ കാര്യങ്ങളിലൊന്നും തന്ത്രിമാർ ഇടപെടാറില്ലെന്നും കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നൽകിയിട്ടുണ്ട്.

Previous Post Next Post